ഹെൽമെറ്റ് ധരിച്ചില്ല; പൊലീസും യാത്രക്കാരനും തമ്മിൽ തർക്കം - വിഡിയോ
text_fieldsതിരൂരങ്ങാടി (മലപ്പുറം): ഹെൽമെറ്റ് ധരിക്കാത്തതിനെച്ചൊല്ലി യുവാവും പൊലീസും തമ്മിൽ തർക്കം. തിരൂരങ്ങാടിയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിന് സമീപമാണ് വെള്ളിലക്കാട് സ്വദേശിയായ യുവാവും തിരൂരങ്ങാടി എസ്.ഐയും തമ്മിൽ കൊമ്പുകോർത്തത്.
ഹൈപ്പർ മാർക്കറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് നാട്ടുകാർക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും വിരട്ടി ഓടിച്ചു. ഇതിനിടെയാണ് സ്‌കൂട്ടറിൽ ഹെൽമെറ്റ് വെക്കാത്ത യുവാവിനെ ശ്രദ്ധയിൽപെട്ടത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പിഴ കോടതിയിൽ അടക്കാമെന്നായി യുവാവ്.
ഇരുവരും തർക്കമായതോടെ സ്കൂട്ടറിെൻറ ചാവി പൊലീസ് ഊരിയെടുത്തു. ഇതിനിടെ വാഹനത്തിലിരുന്ന ഇറച്ചിപ്പൊതി താഴെ വീഴുകയും ചെയ്തു. ഇതോടെ രംഗം വഷളായി. എന്നാൽ, ഇറച്ചിപ്പൊതി എസ്.ഐ എടുത്ത് എറിയുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
യുവാവും പൊലീസും തമ്മിലുണ്ടായ തർക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കൂടാതെ തിരൂരങ്ങാടി പൊലീസിനെതിരെ വ്യാപക പരാതിയും ഉയരുന്നുണ്ട്. പുതുതായി എത്തിയ എസ്.ഐ വ്യാപകമായി കേസ് ചാർജ് ചെയ്യുന്നെന്നും അപമര്യാദയായി പെരുമാറുന്നതായും ജനങ്ങൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
എന്നാൽ, യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതെ എത്തിയതിനെ തുടർന്ന് ഫൈൻ അടക്കാൻ നിർദേശിച്ചെന്നും അതിന് തയാറാവാത്തതിനെ തുടർന്ന് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ചാവി എടുക്കുന്നതിനിടയിൽ ഭക്ഷണസാധനങ്ങൾ താഴെ വീണതാണെന്നും എസ്.ഐ രതീഷ് പറഞ്ഞു. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപെടുത്തിയതിൽ യാത്രക്കാരനെതിരെ കേസ് എടുത്തതായി എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.