പാട്ടഭൂമിക്ക് പൊന്നും വില: വയനാട്ടിലെ തോട്ടം ഉടമകളുടെ സമ്മർദത്തിന് മുഖ്യമന്ത്രി കീഴടങ്ങിയോ?
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാജൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ
തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിൽ തോട്ടം ഉടമകളുടെ സമ്മർദത്തിന് മുഖ്യമന്ത്രി കീഴടങ്ങിയെന്ന് ആക്ഷേപം. പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾക്ക് നിർമിക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചു.
കൽപറ്റയിലെയും നെടുമ്പാലയിലെയും എസ്റ്റേറ്റുകൾ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവർ ഹൈകോടതിയിൽ ഹരജി നൽകിയതോടെയാണ് റവന്യു വകുപ്പ് സിവിൽ കോടതിയിൽ കേസ് നൽകിയത്. ഭൂമിക്കുമേൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിനാണ് കോടതിയിൽ കേസ് നൽകിയത്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നീക്കം നടത്തിയപ്പോൾ റവന്യൂ വകുപ്പ് ചോദിച്ചത് സർക്കാർ ഭൂമി സർക്കാർ എന്തിന് വിലകൊടുത്ത് ഏറ്റെടുക്കണമെന്നാണ്. നിവേദിത പി. ഹരൻ മുതൽ എം.ജി. രാജമാണിക്യം വരെ നൽകിയ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ ചോദ്യം ഉന്നയിച്ചത്. പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഉടമസ്ഥതയില്ല. എന്നാൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നാണ് 2024ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഈ വിധിക്കെതിരെ അപ്പീൽ നൽകണമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിനോട് റവന്യൂ വകുപ്പ് നിയമോപദേശം തേടിയിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രകാരം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നാണ് എ.ജി സർക്കാരിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പൊന്നുംവില നിൽകി ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമെടുത്തത്.
ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാനും നഷ്ടപരിഹാരത്തുക നിശ്ചയിക്കാനും വയനാട് കലക്ടർ ഡി.ആർ. മേഘശ്രീയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാരം നൽകുമെങ്കിലും ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണെന്നു വാദിച്ച് ഈ എസ്‌റ്റേറ്റുകൾക്ക് എതിരെ റവന്യു വകുപ്പ് നൽകിയിട്ടുള്ള കേസുകളിലെ വിധിന്യായത്തിന് വിധേയമായി നടപടികൾ സ്വീകരിക്കുമെന്ന് ഉടമ്പടി വെക്കും.
രണ്ട് എസ്‌റ്റേറ്റുകളിലെയും പ്രാഥമിക സർവേ പൂർത്തിയായതായി വയനാട് കലക്ടർ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻ സിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, റവന്യൂ- ദുരന്തനിവാ രണ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമീഷണർ എ. കൗശികൻ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, പാട്ടഭൂമി പൊന്നും വില നൽകി ഏറ്റെടുക്കുന്നത് ചരിത്രത്തിലെ ആദ്യസംഭവമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കറിലധികമുള്ള ഭൂമി മിച്ചഭൂമിയാണ്. അതിന് നിയമപരമായി പൊന്നും വില നൽകാനാവില്ലെന്നാണ് അവരുടെ അഭിപ്രായം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് രേഖകൾ പരിശോധിക്കാതെ കലക്ടർക്ക് എങ്ങനെ നഷ്ടപരിഹാരം നൽകാനാവും. പാട്ടഭൂമി കൈവശം വെച്ചിക്കുന്നവർക്ക് ഭൂമിക്കുമേൽ ഉടമാവകാശമുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ റവന്യൂ മന്ത്രി നിശബ്ദനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.