മറന്നോ, കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെ
text_fieldsപയ്യന്നൂർ: തിരൂർ സ്വദേശിയായ ഹോട്ടലുടമയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവം ലൈവായി തുടരുമ്പോൾ ഡോ. ഓമനയെ എങ്ങനെ ഓർക്കാതിരിക്കും? നാടിനെ നടുക്കിയ കൊടുംക്രൂരതക്ക് ഈ ജൂലൈയിൽ 27വർഷം തികയും. ഊട്ടി റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ മുറിയിൽ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം മൂന്നു പെട്ടിയിലാക്കിയ സർജിക്കൽ ക്രൂരതയിലെ പ്രതിയാണ് പിടികിട്ടാപ്പുള്ളിയായി തുടരുന്നത്.
പയ്യന്നൂരിലെ കെട്ടിടനിർമാണ കരാറുകാരൻ മുരളീധരനെയാണ് കൊലപ്പെടുത്തിയത്. 1996 ജൂലൈ 11ന് ഉച്ചയോടെയായിരുന്നു സംഭവം. കാമുകനായ മുരളീധരനെ കൊലപ്പെടുത്തിയശേഷം ശരീരാവശിഷ്ടങ്ങൾ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വെട്ടിനുറുക്കി പെട്ടിയിലാക്കി.
പിറ്റേന്ന് രാവിലെ ടാക്സി വിളിച്ച് കൊടൈക്കനാലിലെത്തി ഉപേക്ഷിക്കാൻ ശ്രമം നടത്തി. വിനോദസഞ്ചാരികളുടെ ആധിക്യം കാരണം നടന്നില്ല. അവിടെനിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കാറിന് തകരാർ സംഭവിച്ചു. കാറിൽനിന്ന് പെട്ടി മാറ്റുന്നതിനിടെ ദുർഗന്ധം വമിക്കുകയും ഡ്രൈവർ രഹസ്യമായി പൊലീസിൽ അറിയിക്കുകയുമായിരുന്നു.
പിടിയിലായ ഓമന 2001ൽ പരോളിലിറങ്ങിയശേഷം മുങ്ങി. 2002 ഫെബ്രുവരിയിൽ ഊട്ടി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചുവെങ്കിലും പ്രതിയെ ഹാജരാക്കാനായില്ല. ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.
2017ൽ മലേഷ്യയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സ്ത്രീയുടെ ചിത്രം ഡോ. ഓമനയാണെന്ന് വാർത്തകളുണ്ടായെങ്കിലും തിരുവനന്തപുരം സ്വദേശിനിയുടേതാണെന്ന് തെളിഞ്ഞു.പരോളിലിറങ്ങിയപ്പോൾ ഡോ. ഓമന പയ്യസന്നൂരിലെത്തുകയും വീടും പറമ്പും വിൽപന നടത്തുകയും ചെയ്തിരുന്നു. പയ്യന്നൂരിലെ അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധയായ ഡോ. ഓമന സേവനരംഗത്തും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.