എന്റെ മോളെ കണ്ടോ...
text_fields'എന്റെ മോളെ കണ്ടോ, എന്നെ അങ്ങോട്ട് കൊണ്ടു പോകുമോ' മുന്നിൽ വന്നവരോടൊക്കെ മൈമൂനക്ക് ചോദിക്കാനുള്ളത് ഒരു ചോദ്യം മാത്രമായിരുന്നു. ചൂരൽമലയിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണവർ. കൂടെ രക്ഷപ്പെട്ട മകൾ സിയാന നൗറിനൊപ്പം ശരീരത്തിനേറ്റ എല്ലാ വേദനകളും മറന്ന് ആ ഉമ്മയുടെ കണ്ണുകൾ തന്റെ രണ്ടാമത്തെ മകൾ ഫാത്തിമ നൗറയെ തിരയുകയാണ്.
രാത്രി ഒരു മണിക്ക് ശേഷം എന്താണ് നടന്നതെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല. വീട് മുഴുവൻ ചളിയും വെള്ളവും വന്ന് നിറഞ്ഞത് നിമിഷ നേരം കൊണ്ടാണ്. നിലവിളികൾക്ക് പോലും ശബ്ദമില്ലാത്ത ഇരുട്ടിൽ എങ്ങനെ രക്ഷപ്പെടുമെന്ന് തിരയുകയായിരുന്നു മൈമൂനയും ഭർത്താവ് ഉബൈദും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. റൂമിൽ കഴുത്തൊപ്പം വെള്ളം നിറഞ്ഞതോടെ സിയാന ഫാനിൽ തൂങ്ങി നിന്നു.
വാതിൽ തുറന്നതോടെ പുറത്തേക്ക് ഒലിച്ചു പോയ മൈമൂനക്ക് മുകളിൽ നിന്നൊഴുകിയെത്തിയ മരത്തടിയിൽ പിടുത്തം കിട്ടി. പിന്നീട് എന്തു സംഭവിച്ചു എങ്ങനെ രക്ഷപ്പെട്ടെന്ന് ഓർക്കാനോ പറയാനോ അവർക്ക് കഴിയുന്നില്ല. രണ്ടാമത്തെ മകളെ കാണാനില്ല. ഏതെങ്കിലും ക്യാമ്പിലോ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലോ അവൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൈമൂന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.