'ഈ അറബിക്കടലൊക്കെ വിൽക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നോ?' തള്ളിന് മാത്രം ഒരു കുറവുമില്ലെന്ന് സലിംകുമാർ
text_fieldsപെരുമ്പാവൂർ: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ സലിംകുമാർ. പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൊച്ചുനേതാക്കൾ വരെ ഒടുക്കത്തെ തള്ളാണ്, അസാധ്യമായി ഒന്നും ഇല്ലെന്ന് അവർ തെളിയിച്ചുവെന്നും സലീംകുമാർ പരിഹസിച്ചു.
'അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു. അത് സത്യമാണ്. അറബിക്കടലൊക്കെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ, പിന്നേ, സ്ത്രീകൾ എന്തോ ആത്മ സംതൃപ്തിയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളാണ് എന്ന്...വാളയാറിലെ ആകാശത്ത് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ കെട്ടിത്തൂങ്ങി രക്തംവാർന്ന ശരീരവുമായിട്ട് നിന്നത് നമ്മൾ ഓർക്കുന്നില്ലേ. ആ പിഞ്ചു കുഞ്ഞുങ്ങൾക്ക് എന്ത് ആത്മസംതൃപ്തിയിലായിരുന്നു കെട്ടിത്തൂങ്ങിയത്?' - അദ്ദേഹം ചോദിച്ചു.
'കോവിഡ് ബാധിച്ച ഒരു സ്ത്രീയെ ആംബുലൻസിലിട്ട് പീഡിപ്പിച്ചു. ആ സ്ത്രീക്ക് എന്ത് ആത്മസംതൃപ്തിയാണ് കിട്ടിയത്. ഒരമ്മ തലമുണ്ഡനം ചെയ്ത് ധർമ്മടത്ത് നിൽക്കുകയാണ്. സ്വന്തം മക്കളുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട്. ആ അമ്മ എന്ത് ആത്മസംതൃപ്തിയാണ് അനുഭവിച്ചത്? സാധാരണക്കാർ ഇപ്പോഴും സെക്രട്ടറിയേറ്റിന് മുമ്പിൽ മുട്ടിലിഴഞ്ഞു നടക്കുകയാണ് ' - സലീം കുമാർ പറഞ്ഞു.
'ഇങ്ങനെയായിട്ടും തള്ളിന് ദൈവം സഹായിച്ചിട്ട് ഒരു കുറവുമുണ്ടായിട്ടില്ല. ഒടുക്കത്തെ തള്ളാണ്. കൊച്ചു നേതാക്കൾ വരെ തള്ളാണ്. എല്ലാം ശരിയാക്കി തരാന്ന് പറഞ്ഞാണ് വന്നത്. എല്ലാം ശരിയാക്കി തന്നാൽ പിന്നെ അവിടെ നിൽക്കരുത്. പൊയ്‌ക്കോളണം. പോയില്ലെങ്കിൽ പറഞ്ഞു വിട്ടോണം. ആ വിടാനുള്ള ഡേറ്റാണ് ഏപ്രിൽ ആറ്. ഏപ്രിൽ ആറ് വിശ്വാസവഞ്ചകരുടെ പതിനാറടിയന്തരമാക്കി ആഘോഷിക്കണം' - തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.