നെല്ലിന്റെ പണം കിട്ടിയില്ല;കൃഷിയിറക്കാതെ കളത്തിപ്പാടം കാടുകയറുന്നു
text_fieldsപെരുമ്പാവൂര്‍: രണ്ട് പതിറ്റാണ്ട് തരിശായി കിടന്ന ശേഷം നാല് തവണ കൃഷിയിറക്കി ശ്രദ്ധ പിടിച്ചുപറ്റിയ കണ്ടന്തറയിലെ കളത്തിപ്പാടത്ത് കർഷകകണ്ണീർ. സർക്കാരിൽനിന്ന് നെല്ലിന്റെ പണം കിട്ടാത്തതിനാൽ കൃഷിയിറക്കാനാവാത്ത സ്ഥിതിയിലാണ് കർഷക കൂട്ടായ്മ. കഴിഞ്ഞ തവണ കൃഷി ചെയ്ത് സര്‍ക്കാറിലേക്ക് നല്കിയ നെല്ലിന്റെ പണം ഇതുവരെ ലഭിച്ചിട്ടില്ല.
കളത്തിപ്പാടം 20 വര്‍ഷമായി തരിശായി കിടക്കുകയായിരുന്നു. ‘ഭൂമിയുടെ അവകാശികള്‍’ എന്ന കര്‍ഷക കൂട്ടായ്മ കഴിഞ്ഞ തവണ കൃഷി സ്നേഹികളില്നിന്ന് പണം സ്വരൂപിച്ചാണ് ജനകീയ നെല്‍കൃഷി നടത്തിയത്. ഇതില്‍നിന്ന് ലഭിച്ച നെല്ല് സര്‍ക്കാരിലേക്ക് കൊടുത്തിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും നാമമാത്രമായ തുകയാണ് ലഭിച്ചത്. ബാക്കി എപ്പോള്‍ ലഭിക്കുമെന്ന് ഒരു ഉറപ്പും അധികാരികൾ നൽകുന്നില്ല.
കൊയ്ത്തിനും മെതിക്കും മറ്റുമായി യന്ത്രങ്ങള്‍ പാടത്ത് ഇറക്കാത്തതുകൊണ്ട് പാടം കളകയറി കാടുപിടിച്ചു. ഇത് വരുംകാലങ്ങളില്‍ കൃഷിയിറക്കാന്‍ തടസ്സമാകും. വരമ്പുകളും തോടുകളും ആദ്യം മുതല്‍ പുനര്നിര്മിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ തുക എത്രയും വേഗം നല്കി കൃഷി സാധ്യമാക്കണമെന്ന് കളത്തിപ്പാടത്ത് ചേര്‍ന്ന ‘ഭൂമിയുടെ അവകാശികള്‍’ കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. പി.എസ്. ഷഫീഖ് അധ്യക്ഷത വഹിച്ചു. വി.വി. ബഷീര്‍, ഫൈസല്‍ ചെന്താര, കെ.കെ. ഫൈസല്‍, എം.എം. നൗഷാദ്, എം.പി. ത്വാഹ, കെ.എം. ഷമീര്‍, സി.എസ്. ഹസൈനാര്‍, എം.വി. മുഹമ്മദ്, സിറാജ് കുടിലി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.