മദ്യപിക്കാൻ പണം നൽകിയില്ല; കടക്ക് മുന്നിൽ ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ശ്രമം
text_fieldsകായംകുളം: മദ്യപിക്കാൻ പണം നൽകാത്തതിലെ രോഷം തീർക്കാൻ കടക്ക് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ചുമട്ടുതൊഴിലാളിയെ കടയുടമ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. മുക്കവലയിലെ സൈഫുദ്ദീന്റെ മുളക് കടക്ക് മുന്നിലാണ് പ്രദേശവാസിയായ ബിജു ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പെട്രോൾ നിറച്ച കുപ്പിയുമായി വന്ന ഇയാൾ കടക്ക് മുന്നിലെത്തിയപ്പോൾ തലയിലൂടെ ഒഴിക്കുകയായിരുന്നു. അപകടം മണത്ത സൈഫുദീൻ സമയം പാഴാക്കാതെ ചാടിയിറങ്ങി ലൈറ്റർ തട്ടിപ്പറിച്ചതാണ് അപകടം ഒഴിവാകാൻ സഹായിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതാണ് പ്രകോപന കാരണമായത്. തുടർന്ന് കായംകുളം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കടക്ക് മുന്നിൽ ആത്മഹത്യ ശ്രമം നടത്തിയ സാമൂഹിക വിരുദ്ധ നടപടി പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണം. സംഭവത്തിൽ കടയുടമക്ക് ഐക്യദാർഡ്യവുമായി മുക്കവല ജങ്ഷനിൽ പ്രതിഷേധ സംഗമവും നടത്തി.
യൂനിറ്റ് പ്രസിഡന്റ് സിനിൽ സബാദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. സോമരാജൻ, രക്ഷാധികാരി എ.എം. ഷരീഫ്, എം. ജോസഫ്, വി.കെ. മധു, അബു ജനത, ഇ.എസ്.കെ. പൂക്കുഞ്ഞ്, ശശി പൗർണമി, സജു മറിയം, ഷിബു എ.ബി.എസ്, സുബൈർ , അസിം നാസർ, ദേവസ്യ, പ്രവീൺ, നവാസ്, ഷാജി കല്ലറയ്ക്കൽ, ഷിജു, സൈഫുദീൻ തുടങ്ങിയവർ സംസാരിച്ചു. കായംകുളം : കച്ചവടക്കാർക്ക് നേരെ ദിനം പ്രതി നടന്നു വരുന്ന ആക്രമണങ്ങളിൽ വ്യാപാരി വ്യവസായി സമതിയും പ്രതിഷേധിച്ചു. ഏരിയ പ്രസിഡൻ്റ ഇ.എ. സമീർ, സെക്രട്ടറി എ.എ. വാഹിദ്, ഫിറോസ് ഖാൻ, ഇർഷാദ് പൊന്നാരത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.