മരിച്ചയാളുടെ പെന്ഷന് തട്ടിയെടുത്ത സംഭവം: കുടുംബം പരാതി നൽകി; കുപ്രചാരണമെന്ന് സി.പി.എം
text_fieldsഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയില്‍ മരിച്ചയാളുടെ ക്ഷേമപെന്ഷന് തട്ടിയെടുത്ത സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇരിട്ടി ഡിവൈ.എസ്.പിക്ക് പരാതി നല്കി.
അളപ്രയിലെ തോട്ടത്താന്‍ കൗസു നാരായണെൻറ മക്കളായ ടി.അജിത, സൗമിനി, നളിനി എന്നിവരാണ് പരാതി നല്‍കിയത്. മാര്‍ച്ച് ഒമ്പതിന് അമ്മ മരണപ്പെട്ട വിവരം 20നുതന്നെ പഞ്ചായത്തില്‍ അറിയിച്ചിരുന്നു. 30ന് ഇരിട്ടി സപ്ലൈ ഓഫിസിൽ അറിയിച്ച് റേഷന്‍ കാര്‍ഡില്‍ നിന്നും പേര് നീക്കംചെയ്തു.
ഏപ്രില്‍ ആദ്യവാരം അളപ്രയില്‍ വെച്ച് കര്‍ഷക തൊഴിലാളി പെന്ഷന് വിതരണം ചെയ്ത സമയത്ത് അമ്മയുടെ പേരിലുള്ള പെന്‍ഷനും വാങ്ങിച്ചതായി മനസ്സിലായി. പെന്ഷന് വിതരണം ചെയ്യുന്ന ഇരിട്ടി റൂറല്‍ ബാങ്ക് കലക്ഷന്‍ ഏജൻറ് പെന്ഷന് തുക കുടുംബം കൈപ്പറ്റിയതായി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും മനസ്സിലാക്കുന്നു.
പെന്ഷന് വിതരണം ചെയ്യുന്ന സമയത്ത് കലക്ഷന്‍ ഏജൻറിനൊപ്പം വാര്‍ഡ് അംഗവും മറ്റൊരാളും ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ആള്‍മാറാട്ടത്തിന് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
സഹകരണ റൂറല്‍ ബാങ്ക് മുഖേന സാമൂഹിക ക്ഷേമ പെന്ഷന് വിതരണം നടത്തിയതില്‍ ഒരു വ്യക്തിയുടെ പെന്ഷന് നൽകിയ വിഷയത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് പായം പഞ്ചായത്തിനെതിരെയും സി.പി.എം നേതാക്കള്‍ക്കെതിരെയും നടത്തുന്ന കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കലക്ഷന്‍ ഏജൻറിനെ അന്വേഷണ വിധേയമായി ബാങ്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പഞ്ചായത്തിന് ഈ സംഭവത്തില്‍ ഒരു പങ്കുമില്ല. പഞ്ചായത്ത് അംഗം വിമലക്കെതിരെയും പ്രദേശത്തെ സന്നദ്ധ വളൻറിയറായ സുരേന്ദ്രനെതിരെയും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന കുപ്രചാരണങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നും ഏരിയ സെക്രട്ടറി ബിനോയ് കുര്യന് അറിയിച്ചു. ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരന്, ഏരിയ കമ്മിറ്റി അംഗങ്ങളായ വൈ.വൈ. മത്തായി, സക്കീര്‍ ഹുസൈന് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.