രഞ്ജിത്തും രാഹുലും ഇനി അനാഥർ; സ്ഥലം ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തീകൊളുത്തിയ ദമ്പതികളിൽ ഭാര്യയും മരിച്ചു
text_fieldsതിരുവനന്തപുരം: കുടിൽ കെട്ടിയ സ്ഥലം ഒഴിപ്പിക്കാൻ കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജന്‍റെ ഭാര്യ അമ്പിളിയാണ് (40) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജൻ തിങ്കളാഴ്ച രാവിലെ മരിച്ചിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും വിയോഗം. 75 ശതമാനം പൊള്ളലേറ്റ രാജന്‍റെ ഇരു വൃക്കകളും തകരാറിലായിരുന്നു.
നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. ഇവർ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഈ മാസം 22ന് ഒഴിപ്പിക്കൽ നടപടിക്കായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജനും ഭാര്യയും തീകൊളുത്തിയത്.
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും രാജൻ മരണമൊഴി നൽകിയിരുന്നു. തീപിടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
രാജന്‍റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ഗ്രേഡ് എസ്.ഐ അനിൽകുമാറിനും സംഭവത്തിൽ പൊള്ളലേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.