താനൂർ കസ്റ്റഡി മരണം; പൊലീസ് നടപടിയിൽ കൂടുതൽ ദുരൂഹത
text_fieldsമലപ്പുറം: താനൂരിൽ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള കൂടുതൽ വീഴ്ചകൾ പുറത്ത്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും സാഹചര്യത്തെളിവുകളും പൊരുത്തപ്പെടുന്നതല്ല. ചൊവ്വാഴ്ച പുലർച്ച താനൂർ മേൽപാലത്തിന് സമീപത്ത് താമിർ ജിഫ്രിയെയും സംഘത്തെയും പിടികൂടിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ, ഇത് വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എഫ്.ഐ.ആർ കൃത്രിമം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാണിച്ച് താമിറിന്റെ കൂടെ പിടിക്കപ്പെട്ട യുവാവും രംഗത്തുവന്നിരുന്നു. ഈ യുവാവും താമിറിന്റെ ബന്ധുക്കളും പറയുന്നതനുസരിച്ച് താമിർ താമസിക്കുന്ന ചേളാരി ചിനക്കലിലെ മുറിയിൽനിന്നാണ് അറസ്റ്റുണ്ടായത്.
ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് താമിറിനെ തിങ്കളാഴ്ച വൈകീട്ടുതന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്. താമിറിനെ സി.സി ടി.വിയില്ലാത്ത സ്റ്റേഷനിലെ വിശ്രമമുറിയിലെത്തിച്ച് ക്രൂരമായി മർദിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ 21 പരിക്കുകൾ കണ്ടെത്തിയത് ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ്. കൂടാതെ, സ്റ്റേഷനിലെ മുറിയിലെ കട്ടിലിൽ രക്തക്കറ കണ്ടെത്തിയിട്ടുമുണ്ട്. താമിർ ജിഫ്രി മരിച്ച് മൂന്ന് മണിക്കൂറോളമെടുത്താണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഡാൻസാഫ് സ്ക്വാഡിനെക്കുറിച്ച് പരാമർശമില്ല
മലപ്പുറം: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എട്ട് പൊലീസുകാരിൽ നാലുപേരും എസ്.പിയുടെ കീഴിലെ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിൽ (ഡാൻസാഫ്) ഉൾപ്പെട്ടവരാണ്. എന്നാൽ, ഡാൻസാഫിനെക്കുറിച്ച് എഫ്.ഐ.ആറിൽ പരാമർശമില്ല. ഇത് കേസ് വഴിതിരിച്ചുവിടാനാണെന്നാണ് ആക്ഷേപം. മരിച്ച താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ മൂന്ന് പൊലീസുകാർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന വിമർശനവുമുയർന്നിട്ടുണ്ട്.
താനൂർ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാൽ, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥൻ ലിപിൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ്, ഡ്രൈവർ പ്രശോഭ് എന്നിവരാണ് താമിറിനെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. ഇതിൽ എസ്.ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്പെൻഡ് ചെയ്തത്. അമിതലഹരി ഉപയോഗിച്ചതിനാൽ പുലർച്ച 4.25 ന് താമിർ ജിഫ്രി കുഴഞ്ഞുവീണെന്നാണ് എഫ്.ഐ.ആറിലുളളത്. ഇക്കാര്യം പൊലീസ് സ്വയംരക്ഷക്കായി തയാറാക്കിയ കഥയുടെ ഭാഗമാണെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.