വൻകിട ഉപഭോക്താക്കൾക്ക് ഡീസലിന് 25 രൂപ കൂട്ടി
text_fieldsന്യൂഡൽഹി: കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വൻകിട ഉപഭോക്താക്കൾക്കുള്ള (ബൾക്ക് പർച്ചേഴ്സ്) ഡീസൽ വില ലിറ്ററിന് 25 രൂപ കൂട്ടി. രാജ്യാന്തര വിപണിയിൽ എണ്ണ വില 40 ശതമാനം വർധിച്ചതിന് ആനുപാതികമായാണ് വില വർധന. എന്നാൽ, ചെറുകിട ഔട്ട്ലെറ്റുകളിൽ വില വർധന ബാധിക്കില്ല. ഇവിടെ ശരാശരി 94.13 രൂപയാണ് വില. ബൾക്ക് പർച്ചേഴ്സ് വിഭാഗത്തിൽ വില വർധിച്ചതോടെ വൻകിട ഉപഭോക്താക്കൾ സ്വകാര്യ റീട്ടെയിൽ കമ്പനികളിൽനിന്ന് ഡീസൽ നേരിട്ട് വാങ്ങുന്നതിന് പകരം പെട്രോൾ പമ്പുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതോടെ പെട്രോൾ പമ്പുകളിലെ വിൽപന ഈ മാസം അഞ്ചുമടങ്ങ് വർധിക്കുകയും ചെയ്തു. എന്നാൽ, വൻകിട ഉപഭോക്താക്കൾ പിന്മാറിയതോടെ നയാര എനർജി, റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ ബി.പി, ഷെൽ തുടങ്ങിയ സ്വകാര്യ റീട്ടെയിൽ കമ്പനികൾക്ക് വൻ വിൽപന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
പെട്രോൾ പമ്പുകളിലെ സബ്സിഡി വിലയുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ വിൽപന കുറഞ്ഞതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് 2008ൽ 1,432 പെട്രോൾ പമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ ഉൾപ്പെടുത്തി ഡീസൽ വില കുത്തനെ കൂട്ടിയതോടെ നഷ്ടത്തിന്റെ വ്യാപ്തി വീണ്ടും കൂടിയതായി കമ്പനികൾ വ്യക്തമാക്കി.
പ്രതിദിനം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്നവരെയാണ് വൻകിട ഉപഭോക്താക്കളായി കണക്കാക്കുക. കേരളത്തിൽ കെ.എസ്.ആർ.ടി.സി, വമ്പൻ മാളുകൾ എന്നിവയാണ് ബൾക്ക് പർച്ചേഴ്സ് വിഭാഗത്തിൽപ്പെടുന്നവർ. ജിയോ ബി.പി, നയര എനർജി, ഷെൽ പോലുള്ള സ്വകാര്യ ചെറുകിട ഏജൻസികളാണ് ഇവർക്ക് ഡീസൽ വിതരണം ചെയ്യുന്നത്. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്.ആർ.ടി.സി കോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.