ഡീസൽ വില ഏറ്റവും കൂടുതൽ കേരളത്തിൽ; തീരുവ കുറക്കാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട്
text_fieldsതിരുവനന്തപുരം: അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വില വർദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് .
എന്നാൽ, ബി.ജെ.പി സർക്കാറിന്‍റെ നയങ്ങളാണ് ഇന്ധനവില വർദ്ധനവിന് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നികുതി കുറച്ചിരുന്നു. ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് യു.ഡി.എഫ് സർക്കാർ ഇന്ധന തീരുവ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ 4 തവണ പെട്രോൾ തീരുവ കുറച്ചപ്പോൾ 13 തവണ യു.ഡി.എഫ് നികുതി കൂട്ടി. യു.പി.എ സർക്കാറിനെ കാലത്ത് മാത്രമാണ് യു.ഡി.എഫ് നികുതി കുറച്ചത്. നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ധന തീരുവ കുറക്കാനാകില്ല. യു.ഡി.എഫ് സർക്കാറും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
59 തവണ വില വർദ്ധിച്ചപ്പോഴും ജനങ്ങളോട് കരുണ കാണിക്കാൻ എൽ.ഡി.എഫ് തയ്യാറാകുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഈയിനത്തിൽ 619.17 കോടിയുടെ അധിക നികുതി വരുമാനം യു.ഡി.എഫ് സർക്കാർ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ലോകത്തേറ്റവും കൂടുതൽ ഡീസൽ വില ഈടാക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന തീരുവ ഒരിക്കൽ പോലും സംസ്ഥാന സർക്കാർ കൂട്ടിയിട്ടില്ലെന്ന് ഐസക് നിയമസഭയെ അറിയിച്ചു. എന്നാൽ കുറക്കാനും കഴിയില്ല. കുറച്ചാൽ അതിന്‍റെ അധിക ഭാരം ഖജനാവിന് താങ്ങാനാവില്ല. ധനമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒറ്റക്കെട്ടാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.