താങ്ങാനാവില്ല ഡീസൽവില; വരുന്നൂ, കൂടുതൽ സോളാർ ബോട്ടുകൾ
text_fieldsകൊച്ചി: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വൈക്കം-തവണക്കടവ് റൂട്ടിൽ വിജയകരമായി സർവിസ് നടത്തുന്ന, ഇന്ത്യയിലെ ആദ്യ സൗരോർജ ബോട്ടായ ആദിത്യയുടെ ചുവടുപിടിച്ച് കൂടുതൽ സോളാർ ബോട്ടുകൾ നീറ്റിലിറക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്.
കുതിച്ചുയരുന്ന ഡീസൽവിലയിൽനിന്ന് രക്ഷതേടിയും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് കൂടുതൽ സൗരോർജ ബോട്ടുകൾ നിർമിക്കുന്നത്. അഞ്ച് ബോട്ടുകളുടെ നിർമാണം ചേർത്തല പാണാവള്ളിയിലെ യാർഡിൽ പുരോഗമിക്കുകയാണ്. മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്തും ഓടിക്കാൻ കഴിയുന്നതാണിവ. സാമ്പത്തികചെലവും മലിനീകരണവും ഒരുപോലെ കുറയുമെന്നതാണ് ജലഗതാഗത വകുപ്പിനെ സോളാർ ബോട്ടുകളിലേക്കടുപ്പിക്കുന്നത്.
അഞ്ചുവർഷത്തിനുള്ളിൽ വകുപ്പിനു കീഴിലുള്ള 50 ശതമാനം ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. എറണാകുളം, പാണാവള്ളി, വൈക്കം, മുഹമ്മ, ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവിസ്. അഞ്ച് സ്പെയർ ബോട്ടുകളുമുണ്ടാവും. കളമശ്ശേരിയിലെ നവഗതി മറൈൻ ഡിസൈനിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവ രൂപകല്പന ചെയ്ത് നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയായേക്കും. രണ്ടരക്കോടിയാണ് ഓരോന്നിന്‍റെയും നിർമാണച്ചെലവ്.
മണിക്കൂറിൽ 50 കിലോവാട്ടാണ് ആദിത്യയുടെ ശേഷിയെങ്കിൽ പുതുതായി നിർമിക്കുന്ന കറ്റാമറൈൻ ശൈലിയിലുള്ള ബോട്ടുകൾക്ക് 80 കിലോവാട്ട് ശേഷിയുണ്ടാകും. 20 മിനിറ്റുകൊണ്ട് ചാർജ് ചെയ്യാവുന്ന 25 കിലോവാട്ടിന്റെ ബാറ്ററിയാണ് ഘടിപ്പിക്കുന്നത്. ഇത് 12 മണിക്കൂർ നിലനിൽക്കും. 6-8 നോട്ടിക്കൽ മൈൽ (12-15 കി.മീ.) വേഗത ലഭിക്കും. ഫൈബറിലാണ് നിർമാണം. ഒരുബോട്ടിൽ 75 സൗരോർജ പാനലുകളുണ്ടാകും. നല്ല വെയിലുള്ള ദിവസമാണെങ്കിൽ സൗരോർജത്തിൽതന്നെ ബോട്ടുകൾ സർവിസ് നടത്താനാകും. 75 പേർക്കിരിക്കാവുന്ന രീതിയിലാണ് നിർമാണഘടന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.