നികുതി വെട്ടിച്ച് വൻതോതിൽ ഡീസൽ കടത്ത്; ഒരുവർഷത്തിനിടെ 29 കേസ്
text_fieldsകൊച്ചി: നികുതിയിനത്തിൽ കോടികളുടെ വെട്ടിപ്പ് നടത്തി സംസ്ഥാനത്തേക്ക് വൻതോതിൽ ഡീസൽ കടത്തുന്നു. സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം ഒരുവർഷത്തിനിടെ നടത്തിയ പരിശോധനയിൽ ഇത്തരം 29 കേസുകളാണ് പിടികൂടിയത്. കർണാടക, മാഹി എന്നിവിടങ്ങളിൽനിന്ന് ഇത്തരത്തിൽ ഡീസൽ കള്ളക്കടത്തിന് പ്രത്യേക ലോബി പ്രവർത്തിക്കുന്നതായാണ് സൂചന.
കേരളത്തിന് പുറത്തുനിന്ന് ഡീസൽ കടത്ത് വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് ജി.എസ്.ടി അധികൃതർ പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ജി.എസ്.ടിയുടെ കോഴിക്കോട് മേഖല കാര്യാലയത്തിന് കീഴിൽ മാത്രം നടത്തിയ പരിശോധനയിൽ 29 കേസുകൾ പിടികൂടുകയും പിഴയായി 59.48 ലക്ഷം ഈടാക്കുകയും ചെയ്തു. നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സംഘങ്ങളിൽനിന്ന് ചില പമ്പുടമകളും ക്വാറി നടത്തിപ്പുകാരും ബോട്ട് ഉടമകളും പതിവായി ഡീസൽ വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കർണാടകയിലും മാഹിയിലും കേരളത്തിലേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഡീസൽ കേന്ദ്ര നികുതി അടച്ച് വാങ്ങുകയും സംസ്ഥാനത്തിന് കിട്ടേണ്ട നികുതി അടക്കാതെ വെട്ടിപ്പ് നടത്തുകയുമാണ് കള്ളക്കടത്ത് സംഘങ്ങൾ ചെയ്യുന്നത്. ഇതുവഴി വിൽപന നികുതിക്ക് പുറമെ സെസ് ഇനത്തിലും കേരളത്തിന് ലഭിക്കേണ്ട തുക നഷ്ടപ്പെടുന്നു. ഇങ്ങനെ കൊണ്ടുവരുന്ന ഇന്ധനം പലപ്പോഴും മതിയായ ഗുണനിലവാരമില്ലാത്തതുമാണ്. കോഴിക്കോട് മേഖല കാര്യാലയത്തിന് കീഴിൽ വ്യാപക ഡീസൽ കള്ളക്കടത്ത് ശ്രദ്ധയിൽപെട്ടതോടെ മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രാത്രിയും പകലും വാഹനങ്ങളുടെയും ഇ-വേ ബില്ലുകളുടെയും പരിശോധന കർശനമാക്കിയിട്ടുണ്ട്. അനധികൃത ഡീസൽ കടത്ത് തടയാൻ പരിശോധനകളിൽ മുൻഗണന നൽകുന്നുണ്ടെന്നും ജി.എസ്.ടി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.