ശബരിമല വെർച്വൽ ക്യൂ: ദേവസ്വം ബോർഡ് പ്രസിഡന്റും എക്സിക്യൂട്ടിവ് ഓഫിസറും രണ്ടുതട്ടിൽ
text_fieldsശബരിമല: വെർച്വൽ ക്യൂ സംവിധാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും എക്സിക്യൂട്ടിവ് ഓഫിസറും രണ്ടുതട്ടിൽ. വെർച്വൽ ക്യൂ 80,000വും സ്പോട്ട് ബുക്കിങ് 10,000വും നൽകണമെന്ന ഹൈക്കോടതി ഉത്തരവാണ് എക്സിക്യൂട്ടീവ് ഓഫിസർ കെ. മുരാരി ബാബു വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പ്രതികരിച്ചത്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000മാണെന്നും സ്പോട് ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവർത്തിച്ച് പറഞ്ഞ ശേഷമാണ് എക്സിക്യൂട്ടീവ് ഓഫിസറുടെ വാട്സാപ്പിലൂടെയുള്ള പ്രതികരണം.
വെർച്വൽ ക്യൂ 80,000 ആയും സ്പോട്ട് ബുക്കിങ് 10,000 ആയും അനുവദിച്ച് കൂടുതൽ ഭക്തർക്ക് ദർശനത്തിനുള്ള സംവിധാനം ഒരുക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് വിരുദ്ധമായാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വെർച്വൽ ക്യൂ ബുക്കിംഗിൽ മാറ്റം വരുത്തിയതെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമീഷണർ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
സ്പോട്ട് ബുക്കിങ് അനിയന്ത്രിതമായി നൽകുന്നത് വരുംദിവസങ്ങളിൽ തിരക്ക് നിയന്ത്രണാതീതമായി വർധിക്കുന്നതിന് കാരണമാകുമെന്നും ഇത് നിയന്ത്രണം പാളുന്നതിന് കാരണമാകുമെന്നും ദേവസ്വം ബോർഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. വെർച്വൽ ക്യൂ ബുക്കിങ്ങിൽ പോരായ്മയുണ്ടെന്നും ഇവർക്ക് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ഓഫിസറുകളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധേയമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.