ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വ്യത്യസ്ത പ്രാർഥനരീതികൾ; വിമർശനങ്ങൾ തള്ളി കുടുംബവും സഭയും
text_fieldsകോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്ക് മുന്നിൽ വ്യത്യസ്തമായ പ്രാര്‍ഥന രീതികൾ നടക്കുന്നതായ വിമര്‍ശനങ്ങൾ തള്ളി കുടുംബവും സഭയും. വിവിധ മതസ്ഥർ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി വ്യത്യസ്തമായ പ്രാർഥന രീതികൾ കൈക്കൊള്ളുന്നതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വിമർശനം ഉയർന്നത്. എന്നാൽ, അക്കാര്യങ്ങളെല്ലാം അവരുടെ ആരാധന രീതിയാണെന്നും അതിൽ ഇടപെടാനില്ലെന്നുംപറഞ്ഞ് തള്ളുകയാണ് അദ്ദേഹത്തിന്റെ കുടുംബം. വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. വാഴ്ത്തുപാട്ടുകൾ, മെഴുകുതിരി തെളിച്ച് പ്രാര്‍ഥന, മധ്യസ്ഥ അപേക്ഷ എന്നിവയാൽ സജീവമാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധിപേരാണ് നിത്യേന കബറിടം സന്ദർശിച്ച് പ്രാർഥന നടത്തുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് പല കോണുകളില്‍നിന്ന് ഉയർന്നത്. കുടുംബം ഇടപെട്ട് കല്ലറക്ക് മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥ അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരുവിഭാഗം വാദിച്ചു. എന്നാൽ, ആരുടെയും വിശ്വാസത്തെ എതിര്‍ക്കാനില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യംചെയ്യാൻ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു. കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ കണ്ടാല്‍ മതിയെന്നാണ് സഭയുടെയും നിലപാട്. മുമ്പ് ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി നിരവധിപേരാണ് അപേക്ഷകളുമായി എത്തിയിരുന്നത്. അതിന് സമാനമായ നിവേദനങ്ങളുമായി നിരവധിപേർ നിത്യേന എത്തുന്നുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇത്തരം പ്രചാരണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന സംശയവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.