കളമുണരും മുേമ്പ അപരൻമാരെ വല വീശി മുന്നണികൾ
text_fieldsകൊച്ചി: മുന്നണി സ്ഥാനാർഥികളുടെ പട്ടിക പൂർണമായിട്ടില്ലെങ്കിലും അപരൻമാരെ കണ്ടെത്താനുള്ള ഓട്ടം തിരക്കിട്ട് നടക്കുന്നുണ്ട് .
വിജയിച്ച സ്ഥാനാർഥിയുെട ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് എതിർ സ്ഥാനാർഥിയുടെ അപരൻ നേടിയ സംഭവങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും വർധിച്ചു വരികയാണ്. തദ്ദേശ വാർഡ് മുതൽ ലോക്സഭയിലേക്ക് വരെ അപര സാന്നിധ്യം പതിവായി. അപരൻ പിടിച്ച വോട്ടിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് കാലത്തെ ചർച്ചകളിൽ എന്നും സജീവമാണ്.
മുഖ്യ രാഷ്ട്രീയ പാർട്ടികളുടേതിനോട് സാമ്യമുള്ള ഒട്ടേറെ ചിഹ്നങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചിരിക്കുന്ന പട്ടികയിലുള്ളതിനാൽ, പേര് മാത്രമല്ല സാമ്യമുള്ള ചിഹ്നം കൊണ്ടും അത്താഴം മുടക്കാൻ നോക്കാം. ഇതിനെതിരെ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കക്ഷികൾ പ്രതികരിക്കാറുണ്ടെങ്കിലും ഇത്തവണയും പതിവു തെറ്റാതെ കൂടുതൽ ആവേശത്തോടെയാണ് മുന്നണികൾ അപരൻമാരെ തേടുന്നത്. പേരും ഇനീഷ്യലും ഒരേ പോലെ വരുന്നവർക്ക് പണവും ജോലിയുമടക്കം വൻ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. എറണാകുളം ജില്ലയിലെ ചില മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളാകും മുേമ്പ എതിർ സ്ഥാനാർഥിയുടെ അപരനെ ഒരുക്കി നിർത്തിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു മുന്നണിയാകട്ടെ എതിർ സ്ഥാനാർഥികളുടെ സാധ്യത പട്ടികക്കനുസരിച്ച് ഒന്നിലേറെ അപരൻമാരെ കണ്ടെത്തി കരുതി വെച്ചിരിക്കുന്നു.
അപരൻമാരുടെ സാന്നിധ്യം ചിഹ്നം അനുവദിക്കുന്ന സമയത്ത് ഒട്ടേറെ സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട്. മുന്നണി സ്ഥാനാർഥികളിൽനിന്ന് അപരൻമാരെ വേർതിരിച്ചറിയാൻ സാമ്യതയുള്ള ചിഹ്നം അവർക്ക് അനുവദിക്കാതിരിക്കുകയോ പേരിൽ മാറ്റങ്ങൾ വരുത്തുകയോ വേണമെന്ന് മുന്നണി സ്ഥാനാർഥികൾ വരണാധികാരികളോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ, അക്ഷര മാല ക്രമത്തിലാണ് ചിഹ്നവും സ്ഥാനവും അനുവദിക്കുന്നതെന്ന വിശദീകരണമാണ് വരണാധികാരികൾ നൽകാറ്. വരണാധികാരികൾ നിർദേശിച്ചാലും പേരോ ചിഹ്നമോ മാറ്റാൻ അപരൻമാർ തയാറാവുകയുമില്ല. ചില വരണാധികാരികൾ വിവേചനാധികാരമെന്ന നിലയിൽ ആവശ്യം പരിഗണിക്കാറുമുണ്ട്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് സമയത്ത് മുന്നണി സ്ഥാനാർഥികൾ തന്നെ സ്വന്തം പേരിൽ കൂട്ടിച്ചേർക്കലുകളും കുറച്ചിലുകളും വരുത്തി അപരൻമാരുടെ പിടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.