ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാട്; ഇരുമുന്നണിക്കുമൊപ്പം ഒഴുകി ഇ.എം.എസിന്റെ തട്ടകം
text_fieldsപട്ടാമ്പി: കമ്യൂണിസ്റ്റാചാര്യന്റെ പഴയ തട്ടകത്തിൽ മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും ഉയർന്നുതുടങ്ങി. ഇ.എം.എസ് നമ്പൂതിരിപ്പാട് മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് പട്ടാമ്പി. ഭാരതപ്പുഴയോരത്തെ പട്ടാമ്പി എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണച്ചിട്ടുണ്ട്.
ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരും നിറഞ്ഞ പട്ടാമ്പിയുടെ ജനമനസ്സ് ഇരുമുന്നണികൾക്കും ഒപ്പം മാറിമാറി നിൽക്കാറാണ് പതിവ്. 1960, 1967, 1970 തെരഞ്ഞെടുപ്പുകളിൽ ഇ.എം.എസിനെയും 2001, 2006, 2011 വർഷങ്ങളിൽ സി.പി. മുഹമ്മദിനെയും തുടർച്ചയായി വരിച്ചതാണ് ഈ പൊതു സ്വഭാവത്തിനപവാദം.
2016ൽ സി.പി. മുഹമ്മദിനെ തോൽപിച്ച് മുഹമ്മദ് മുഹ്സിൻ (സി.പി.ഐ) മണ്ഡലത്തിൽ പാറിച്ച വെന്നിക്കൊടി 2021ലും താഴാതെ കാക്കാൻ പഴയ ജെ.എൻ.യു വിപ്ലവകാരിക്കായി. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ.പി. ഗോപാലനായിരുന്നു ജയം.
ഓങ്ങല്ലൂർ, പട്ടാമ്പി, മുതുതല, വിളയൂർ, കുലുക്കല്ലൂർ, വല്ലപ്പുഴ, നെല്ലായ ഗ്രാമപഞ്ചായത്തുകളും റെയിൽവേ നഗരമായ ഷൊർണൂർ നഗരസഭയുമായിരുന്നു പഴയ പട്ടാമ്പി മണ്ഡലത്തിൽ. മണ്ഡല പുനർനിർണയത്തിലൂടെ ഷൊർണൂർ നിയമസഭ മണ്ഡലം രൂപവത്കരിച്ചപ്പോൾ പഴയ പട്ടാമ്പിയിലെ ഷൊർണൂർ നഗരസഭയും നെല്ലായ പഞ്ചായത്തും അടർത്തിമാറ്റി ഷൊർണൂർ മണ്ഡലത്തിലാക്കി. തൃത്താലയിലായിരുന്ന തിരുവേഗപ്പുറ പഞ്ചായത്ത് പട്ടാമ്പിയിലേക്ക് പകരം വെക്കുകയും ചെയ്തു.
മണ്ഡലത്തിൽ ഉൾപ്പെടുന്ന പട്ടാമ്പി നഗരസഭ, വിളയൂർ, കൊപ്പം, കുലുക്കല്ലൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, മുതുതല പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണത്തിലാണ്. എട്ടിൽ ഒരു പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനുള്ളത്. പട്ടാമ്പി ഉൾപ്പെടെ ഏഴു മണ്ഡലങ്ങളാണ് ഇപ്പോഴത്തെ പാലക്കാട് ലോക്സഭ മണ്ഡലത്തിലുള്ളത്. 2019ൽ വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്) 67644 വോട്ടുകളാണ് പട്ടാമ്പി മണ്ഡലത്തിൽനിന്ന് നേടിയത്.
സി.പി.എമ്മിലെ എം.ബി. രാജേഷിന് 50465 വോട്ടുകളേ നേടാൻ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിൽ എം.പി. വീരേന്ദ്രകുമാറിനെ നേരിയ ഭൂരിപക്ഷത്തിൽ മറികടന്ന് ലോക്സഭയിലെത്തിയ എം.ബി. രാജേഷിനായി കാടിളക്കിയ പ്രചാരണവും വോട്ടുപിടിത്തവുമാണ് ഇടതുമുന്നണി നടത്തിയത്.
ദേശീയ തലത്തിൽ മോദി വിരുദ്ധ വോട്ടുകൾ ഏകീകരിച്ചപ്പോൾ പ്രതീക്ഷയായി കണ്ട കോൺഗ്രസിനൊപ്പം ജനങ്ങൾ അണിനിരന്നതോടെ 17179 വോട്ടുകളുടെ ലീഡാണ് പട്ടാമ്പി വി.കെ. ശ്രീകണ്ഠന് നൽകിയത്. എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ മുഹമ്മദ് മുഹ്സിൻ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 75311 വോട്ടുകൾ നേടി.
17974 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് വോട്ടർമാർ നൽകിയത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകളാണ് ജനം സ്വീകരിക്കുന്നതെങ്കിലും മണ്ഡലത്തിന്റെ പൊതു സ്വഭാവത്തിന്റെ ഉരകല്ലായി വോട്ടുകളുടെ എണ്ണം കണക്കാവുന്നതാണ്. സമീപ കാലത്ത് സി.പി.ഐക്കുള്ളിലുണ്ടായ ഭിന്നത ഇനിയും തീർന്നിട്ടില്ല.
എന്നാൽ, സഹോദര പാർട്ടിയിലെ ആഭ്യന്തരപ്രശ്നം മുന്നണിയെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് സി.പി.എമ്മിനുള്ളത്. പാർലമെന്റ് പ്രവർത്തനത്തിലും വികസനപദ്ധതികൾ കൊണ്ടുവരുന്നതിലും എം.പി. പരാജയമാണെന്നാണ് എൽ.ഡി.എഫ് ജനങ്ങളെ ബോധിപ്പിക്കുന്നത്. അതേസമയം, വികസന പദ്ധതികളും മണ്ഡലത്തിൽ വളർത്തിയെടുത്ത ബന്ധങ്ങളും വി.കെ. ശ്രീകണ്ഠന് അനുകൂലമാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.