ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റാബേസ്: ഉത്തരവ് കടലാസിൽ
text_fieldsതിരുവനന്തപുരം: ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റാബേസ് തയാറാക്കാന്‍ സാമൂഹികനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കടലാസിൽ. മൂന്ന് മാസം കഴിഞ്ഞിട്ടും പലവകുപ്പുകളിലും ഉത്തരവ് എത്തിയിട്ടില്ല.
1995ലെ ഭിന്നശേഷി സംരക്ഷണ നിയമമനുസരിച്ച് മൂന്ന് ശതമാനം സംവരണം പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ നിരവധി കേസുണ്ട്.
2013ലെ സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷിക്കാര്‍ക്കുള്ള ഒഴിവുകളിലെ ‘ബാക്ക് ലോഗ്’ പരിഹാരനടപടിയുടെ ഭാഗമായിരുന്നു ഡാറ്റാബേസ് തയാറാക്കല്‍. 1995 നിയമപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്കാൻ കണ്ടെത്തിയ തസ്തികകളില്‍ മൂന്ന് ശതമാനം സംവരണം പാലിച്ചിട്ടുണ്ടോ, 1996 മുതല്‍ സംവരണംചെയ്ത മൂന്ന് ശതമാനം തസ്തികകളിലും നിയമനം ഉറപ്പാക്കിയിട്ടുണ്ടോ എന്നിവ കണ്ടെത്താന്‍ കൂടിയായിരുന്നു വിവരശേഖരണം.
2004 മുതല്‍ മൂന്ന് ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള ചുമതല പബ്ലിക് സര്‍വിസ് കമീഷനാണ്. 2004ന് മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലികമായി ജോലിചെയ്ത 2000ഓളം ഭിന്നശേഷിക്കാര്‍ക്ക് 2013ല്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സാമൂഹികനീതി വകുപ്പ് നിയമനം നല്‍കിയിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യേക ഉത്തരവിലൂടെ ഇവരുടെ സര്‍വിസ് ആനുകൂല്യം സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. വൈകിയാണ് ഭിന്നശേഷിക്കാര്‍ക്ക് നിയമനം ലഭിക്കാറ്. പലര്‍ക്കും 10--15 വര്‍ഷം മാത്രമാണ് സര്‍വിസ്. ഇത് കണക്കിലെടുത്ത് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് ഭിന്നശേഷിക്കാർ ആരോപിക്കുന്നു.
പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡിഫറൻറ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന് (ഡി.എ.ഇ.എ) തിരുവനന്തപുരം ജില്ല പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ബിജു ടി.കെ. ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിനോദ് കുമാര്‍ വി.കെ അധ്യക്ഷത വഹിച്ചു. അനിത എന്‍, ബേബി കുമാര്‍ ബി, മോഹനന് പി, ലതാകുമാരി ബി, ജയശങ്കര്‍ മേനോന് എം.ജി, ജേസി എം.വി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.