മസ്റ്ററിങ് നടത്താനായില്ല, ഭിന്നശേഷിക്കാരന് പെൻഷൻ മുടങ്ങി; തുക നൽകി കോൺഗ്രസുകാർ
text_fieldsപാലോട്: മസ്റ്ററിങ് നടത്താൻ കഴിയാത്തതിനാൽ പെൻഷൻ മുടങ്ങിയ ഭിന്നശേഷിക്കാരന് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ഒരുമാസത്തെ പെൻഷൻ നൽകി. പാലോട് പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്നിൽ 80ശതമാനം അംഗപരിമിതനായ ഷാജഹാനാണ് കഴിഞ്ഞ 6 മാസമായി പെൻഷൻ മുടങ്ങിയത്.
വീട്ടിലെത്തി മസ്റ്ററിംഗ് നടത്താത്തതിൻറെ പേരിലാണ് ഏക വരുമാന മാർഗമായ പെൻഷൻ മുടങ്ങിയത്. ഞാറ നീലി വാർഡ് മെമ്പറുടെ അനാസ്ഥ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഷാജഹാന്റെ ആരോപണം.
ഭിന്നശേഷിക്കാരുടെയും കിടപ്പു രോഗികളുടെയും മസ്റ്ററിങ് വീട്ടിലെത്തി നടത്തുകയാണ് ചെയ്യുന്നത്. എങ്കിലും ഷാജഹാൻ പരിമിതികൾ മറന്ന് അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ്ങിന് പോയെങ്കിലും കേന്ദ്രത്തിന്റെ സ്റ്റെപ്പുകൾ കയറാൻ കഴിയാത്തതിനാൽ സാധിച്ചില്ല. വാർഡിൽ തന്നെയുള്ള മറ്റ് ഭിന്നശേഷിക്കാർക്ക് വീട്ടിലെത്തി മസ്റ്ററിങ് നടത്തിയെങ്കിലും ഷാജഹാനെ രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കിയെന്നാണ് ആരോപണം.
രാഷ്ട്രീയ വിരോധം കാരണമാണ് പെൻഷൻ ലഭിക്കാത്തതെന്ന് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയും ആരോപിക്കുന്നു. മറ്റ് വരുമാനമാർഗമൊന്നും ഇല്ലാത്ത ഷാജഹാൻറെ അവസ്ഥ മനസ്സിലാക്കി ഒരു മാസത്തെ പെൻഷൻ തുകയും ഭക്ഷ്യവസ്തുക്കളും കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡൻറ് താന്നിമൂട് ഷംസുദ്ദീന്റെ നേതൃത്യത്തിൽ വീട്ടിലെത്തിച്ചു നൽകി. മണ്ഡലം ഭാരവാഹികളായ അനസ് മുതിയാംകുഴി, ജയൻ പെരിങ്ങമ്മല, എസ്.ജി. കുമാർ, സത്യവാൻ കാണി, നൗഷാദ് , അരുൺ ജൂഡ് മാത്യു, അഫ്സൽ ഖാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.