ഭിന്നശേഷി നിയമനം; അശാസ്ത്രീയ മാനദണ്ഡങ്ങള്‍ എയ്ഡഡ് മാനേജ്മെന്റുകളെ വട്ടം കറക്കുന്നു
text_fieldsകോഴിക്കോട്: നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിലെ അശാസ്ത്രീയ മാനദണ്ഡങ്ങള്‍ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെ വട്ടംകറക്കുന്നു. ആദ്യനിയമനം ഭിന്നശേഷി സംവരണത്തിന് മാറ്റിവെച്ചതും അനുപാതം നിശ്ചയിക്കുന്നതിലെ അപാകതയും യോഗ്യരായവരെ കിട്ടാത്തതുമാണ് പ്രതിസന്ധി.
എയ്ഡഡ് സ്ഥാപനങ്ങളില്‍ 1996 ഫെബ്രുവരി ഏഴു മുതലുള്ള നിയമനങ്ങള്‍ക്ക് മൂന്ന് ശതമാനവും 2017 ഏപ്രില്‍ നാലിനു ശേഷമുള്ള നിയമനങ്ങള്‍ക്ക് നാലു ശതമാനവും എന്ന മുന്‍കാല പ്രാബല്യത്തോടെയാണ് ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത്. ഇതിന് എയ്ഡഡ് സ്ഥാപനങ്ങളില്‍ 2018 നവംബര്‍ 18നു ശേഷം നിയമിതരായി അംഗീകാരമില്ലാതെ തുടരുന്ന, ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു.
ആദ്യ അവസരം കാഴ്ച പരിമിതര്ക്കായിരുന്നു. എന്നാൽ നിയമിക്കാൻ യോഗ്യരായവരെ ലഭിക്കുന്നില്ലെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം 2018നു ശേഷമുള്ള ആദ്യ തസ്തിക എന്നത് ഒഴിവാക്കി, അംഗീകാരമില്ലാത്തവയില് ഏത് തസ്തിക ഭിന്നശേഷിക്കാര്‍ക്ക് മാറ്റിവെക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാനേജ്മെന്റിന് നല്കിയാല് പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാകും. എന്നാല്‍ ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്നു
ഒരു സ്ഥാപനത്തിലെ എല്ലാ നിയമനങ്ങളെയും ഒരു യൂനിറ്റായി പരിഗണിച്ച് എസ്റ്റാബ്ലിഷ്മെന്റ് രീതിയാക്കുന്നതിനു പകരം കേഡര്‍ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളാക്കി പരിഗണിച്ച് സംവരണം നടപ്പാക്കുന്നത് സംവരണ തത്ത്വത്തെ കാറ്റില്‍ പറത്തുകയാണ്. കേഡര്‍ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ എല്‍.പി, യു.പി അധ്യാപക, അനധ്യാപക നിയമങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി പരിഗണിക്കണം. മാനേജ്മെന്റ് നിയമനം നടത്തുമ്പോള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ്, പ്രൈമറി, ഹൈസ്കൂള്‍ അസിസ്റ്റന്റ്, ഹയര്‍ സെക്കൻഡറി ജൂനിയര്‍, സീനിയര്‍ തുടങ്ങി എല്ലാ കേഡറുകളിലും പ്രത്യേകം ഭിന്നശേഷി സംവരണം നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം.
ഇങ്ങനെ നിയമനം നടത്തുമ്പോള്‍ യു.പി മുതല്‍ ഹയര്‍ സെക്കൻഡറി വരെയുള്ള സ്ഥാപനത്തില്‍ 2018നു ശേഷമുള്ള എല്ലാ കേഡറിലും ആദ്യ തസ്തിക ഭിന്നശേഷി വിഭാഗത്തിന് നല്‍കണം. യു.പി വിദ്യാലയങ്ങളില്‍ ഓഫിസ് അസിസ്റ്റന്റ് ഏക തസ്തികയാണ്. കേഡർ രീതി പാലിക്കുമ്പോൾ 2018നു ശേഷം വരുന്ന ആദ്യ ഓഫിസ് അസിസ്റ്റന്റ് തസ്തിക ഭിന്നശേഷി വിഭാഗത്തിന് നല്കുമ്പോള് തസ്തിക 100 ശതമാനവും കാഴ്ചപരിമിതരുടെ സംവരണത്തിലേക്ക് മാറും. ഇത് സംവരണ തത്ത്വത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനത്തിലെ മൊത്തം നിയമനങ്ങളെയും ഒരു യൂനിറ്റായി കണക്കാക്കി നാലു ശതമാനം ഭിന്നശേഷി സംവരണം എന്ന രീതിയിലേക്ക് വന്നാല്‍ പ്രതിസന്ധി പരിഹരിക്കാനാകും. ഒരു മാനേജ്മെന്റിനെ ഒരു യൂനിറ്റായി കണ്ട് എസ്റ്റാബ്ലിഷ്മെന്റ് അടിസ്ഥാനത്തിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടതെന്ന് സുപ്രീംകോടതി 2021 ആഗസ്റ്റ് ഒന്നിലെ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.
പുനര്‍നിയമന അവകാശം നിഷേധിക്കപ്പെടും
എല്‍.പി വിദ്യാലയങ്ങളില്‍ ഒരു ഭാഷാ അധ്യാപക തസ്തികയാണുള്ളത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആ ഭാഷ തസ്തികയാണ് ഭിന്നശേഷി വിഭാഗത്തിനു മാറ്റിവെക്കുന്നതെങ്കില്‍ നിലവില്‍ അവിടെ നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥിക്ക് പുനര്‍നിയമന അവകാശം ലഭിക്കുമെങ്കിലും സംവരണത്തില്‍ നിയമിച്ച ഉദ്യോഗാര്‍ഥി വിരമിച്ച ശേഷമെ പുറത്താക്കപ്പെടുന്ന അധ്യാപകന് സ്ഥാപനത്തില്‍ തിരികെ ജോലിയില്‍ കയറാനാവൂ.
ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ല
സംവരണ തസ്തികയിലേക്ക് ഭിന്നശേഷിക്കാരെ ലഭിക്കുക പ്രയാസമായതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമിക്കാനാണ് നിർദേശം. എന്നാൽ എക്സ്ചേഞ്ചുകളെ സമീപിക്കുന്ന മാനേജ്മെന്റുകള്‍ക്കെല്ലാം ഒരേ ഉദ്യോഗാര്‍ഥി പട്ടികയാണ് ലഭിക്കുന്നത്. ജോലിയിൽ പ്രവേശിച്ചവരടക്കമുള്ളതാണ് പട്ടിക. മലബാറിലെ എല്ലാ മാനേജ്മെന്റുകള്‍ക്കും കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടികയാണ് ലഭിക്കുക.
എല്‍.പി.എസ്.ടി ആവശ്യപ്പെടുന്നവര്‍ക്ക് കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ഒമ്പത് അധ്യാപകരുടെ വിവരങ്ങളാണ് നല്‍കുന്നത്. 13 അധ്യാപകരുടെ വിവരങ്ങളാണ് യു.പിയിൽ നല്‍കുന്നത്. മാനേജ്മെന്റ് എല്ലാവര്ക്കും മെമ്മോ അയക്കും. അഭിമുഖത്തിൽ ദൂരം ചൂണ്ടിക്കാട്ടി കാഴ്ച പരിമിതിയുള്ളവര്‍ ഒഴിവാകും. ഇങ്ങനെ ഒഴിവായാല്‍ വീണ്ടും എക്സ്ചേഞ്ചുകളില്‍നിന്ന് കാഴ്ച പരിമിതിയുള്ളവരെ ആവശ്യപ്പെടണം. ഇതിലും ആളെ ലഭിച്ചില്ലെങ്കില്‍ കേള്‍വി പരിമിതിയുള്ളവരെ ആവശ്യപ്പെടണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. താല്‍ക്കാലികക്കാർ ജോലി സ്ഥിരതയുള്ള മറ്റ് അവസരങ്ങള്‍ തേടി പോവുകയും ചെയ്യും. വിദ്യാർഥികളുടെ പഠനവും മുടങ്ങും.
നിയമനങ്ങള്‍ക്ക് താല്‍ക്കാലിക അംഗീകാരം
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അംഗീകാരം തടഞ്ഞുവെച്ച 2018 മുതലുള്ള നിയമനങ്ങള്‍ക്ക് താൽകാലികാംഗീകാരം നൽകാൻ ഈ മാസം ഒന്നിന് സർക്കാർ ഉത്തരവിട്ടത് അധ്യാപകർക്ക് ആശ്വാസമാണ്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും തുടർനടപടിയായിട്ടില്ല. ഉത്തരവിൽ വ്യക്തതയായിട്ടില്ലെന്നാണ് മറുപടിയെന്ന് മാനേജ്മെന്റ് കൺസോർട്യം പ്രതിനിധികൾ പറഞ്ഞു. ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതിനെതിരെ കോടതിയലക്ഷ്യ കേസുകൾ വർധിച്ചതോടെയാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.