കോവിഡ്; മങ്ങലേറ്റ് ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ സ്വപ്നം
text_fieldsകൊച്ചി: ഭിന്നശേഷിക്കാരുെട സ്വയം തൊഴിൽ സ്വപ്നങ്ങൾക്ക് മങ്ങലേൽപിച്ച് കൈവല്യ വായ്പ പദ്ധതിയിൽ കെട്ടിക്കിടക്കുന്നത് 7065 അപേക്ഷകൾ. ഫണ്ടിെൻറ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഇതുവരെ തുക ലഭ്യമാകാതിരുന്നത്. കോവിഡ് കാലം കൂടിയെത്തിപ്പോൾ പൂർണമായും തടയപ്പെട്ട അവസ്ഥയിലാണ്.
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച 8182 അപേക്ഷകളിൽ 1117 പേർക്ക് മാത്രമാണ് തുക അനുവദിച്ചത്. 2019-20 സാമ്പത്തിക വർഷത്തിൽ 913 അപേക്ഷകളാണുണ്ടായിരുന്നത്. 2017ന് ശേഷം വളരെകുറഞ്ഞ ഗുണഭോക്താക്കൾ മാത്രമെ പദ്ധതിക്ക് ഉണ്ടായിട്ടുള്ളു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ തൊഴിൽരഹിത ഉദ്യോഗാർഥികളുടെ സമഗ്ര തൊഴിൽ പുനരധിവാസം ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതിയാണ് കൈവല്യ. 2019-20 സാമ്പത്തിക വർഷം കൈവല്യയുടെ വിവിധ ഘടക പദ്ധതികൾക്ക് 2.10 കോടി രൂപ തൊഴിൽ വകുപ്പ് വകയിരുത്തിയിരുന്നെങ്കിലും അപേക്ഷകർക്ക് കാര്യമായ ഗുണമുണ്ടായില്ലെന്നാണ് ആരോപണം.
സ്വന്തമായി വരുമാനമില്ലാത്തവരും കുടുംബത്തെയോ മറ്റുള്ളവരെയോ ആശ്രയിച്ച് കഴിയുന്നവരുമാണ് അപേക്ഷകർ. കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധികൾ ഇരട്ടിയായ ഇവർക്ക് കൈത്താങ്ങ് അത്യാവശ്യമായ ഘട്ടമാണിപ്പോൾ.
നടക്കാന്‍ വയ്യാതെയും അരക്കു താഴേക്ക് തളര്‍ന്നും വീല്ചെയറിലിരിക്കുന്നവരടക്കമുള്ളവര് കലക്ടറേറ്റുകളിൽ കഷ്ടപ്പെട്ട് എത്തിയാണ് അപേക്ഷ സമർപ്പിച്ചത്. ശേഷം മൂന്നുദിവസം നീളുന്ന സംരംഭകത്വ ക്ലാസിലും പ്രതിബന്ധങ്ങള്‍ വകവെക്കാതെ പങ്കെടുത്തു. എന്നിട്ടും രണ്ടുവർഷത്തോളമായി വായ്പ ലഭിക്കാത്തവർ കടുത്ത നിരാശയിലാണെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി രാജീവ് പള്ളുരുത്തി ‘മാധ്യമ’ത്തോട് പറഞ്ഞു. അന്വേഷിക്കുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് കലക്ടറേറ്റുകളിൽനിന്ന് ലഭിക്കുന്നത്. പദ്ധതിക്ക് എത്രയും വേഗം ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.