''കോവിഡ് കാലത്ത് ഭിന്നശേഷിക്കാർ ജീവിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ?''
text_fieldsതൃശൂർ: ''കോവിഡ് കാലത്ത് ഭിന്നശേഷിക്കാർ ജീവിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ?'' റോഡിൽ നടന്ന് മാസ്ക് വിൽക്കുന്ന പാലക്കാട് കൊല്ലങ്കോട് പോത്തുംപാടം രമേഷിെൻറ മകനായ അശ്വിൻ ചോദിക്കുന്നത് ഇതാണ്. ജന്മനാ കാഴ്ചയില്ല, അശ്വിന്. തൃശൂർ ഒല്ലൂരിലാണ് വർഷങ്ങളായി താമസം. ബസ്മാർഗം ഓരോ ജില്ലകളിലുമെത്തി നടന്ന് മാസ്ക് വിൽക്കുകയാണ് ഈ 25 വയസ്സുകാരൻ. ചെറിയ ആദായത്തോടൊപ്പം മാസ്ക്കും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ കോവിഡിനെ പേടിക്കേണ്ട എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഉദ്ദേശമെന്ന് അശ്വിൻ പറയുന്നു. അതോടൊപ്പം അകത്തളങ്ങളിൽ കുടുങ്ങിയ ഭിന്നശേഷിക്കാരുടെ അവസ്ഥ പുറം േലാകമറിയണം എന്ന ചിന്തയുമുണ്ട്.
കേരളവർമ കോളജിൽ ബിരുദത്തിന് ശേഷം പനമ്പിള്ളി നഗർ ഗവ. കോളജിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ബിരുദപഠനകാലത്ത് പേപ്പർപേന വിറ്റാണ് പഠനാവശ്യങ്ങൾക്ക് പണം കണ്ടെത്തിയിരുന്നത്. സർക്കാർ ജോലിയോ, ബാങ്ക് ജോലിയോ ആണ് ലക്ഷ്യം. അതിനായി മത്സര പരീക്ഷകൾക്കായുള്ള പഠനത്തിലാണ്.
കോവിഡ് വന്നതോടെയാണ് മാസ്ക് വിൽപന തുടങ്ങിയത്. പഞ്ചായത്ത് ഓഫിസുകൾ, ബാങ്ക്, സഹകരണ സംഘങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മാസ്ക് വിൽപന. രണ്ട്, മൂന്ന് ലെയർ മാസ്ക് 30 രൂപക്കാണ് വിൽക്കുന്നത്.
ഭിന്നശേഷിക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവിടങ്ങളിൽ നിന്നാണ് മാസ്ക് വാങ്ങുന്നത്. ഇത്അണുവിമുക്തമാക്കിയ ശേഷം വീട്ടമ്മമാർ നിർമിക്കുന്ന പത്രം കൊണ്ടുള്ള കവറിൽ ഇട്ടാണ് വിൽക്കുന്നത്. അവർക്കും ചെറിയ ആശ്വാസധനം നൽകേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിൽ താനും പോരാളിയാണെന്ന് വിശ്വസിക്കുന്ന അശ്വിൻ മന്ത്രി ശൈലജ ടീച്ചറുടെ പ്രവർത്തനത്തിൽ സംതൃപ്തനാണ്. അച്ഛൻ, അമ്മ, എം.ടെക് വിദ്യാർഥിനിയായ സഹോദരി എന്നിവരടങ്ങിയതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.