വിഴിഞ്ഞം സംഘര്‍ഷത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉൾപ്പെട്ടതായി വിവരമില്ലെന്ന് ഡി.ഐ.ജി ആർ. നിശാന്തിനി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉൾപ്പെട്ടതായി വിവരമില്ലെന്ന് ഡി.ഐ.ജി ആർ. നിശാന്തിനി. തീരമേഖലയുടെ സ്പെഷൽ ഓഫിസറായി ചുമതലയേറ്റ ശേഷം വിഴിഞ്ഞം സ്റ്റേഷൻ സന്ദർശിക്കുകയായിരുന്നു അവർ. വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നൽകിയിട്ടില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് അനുവദിക്കില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാൻ ശ്രമമാരംഭിച്ചതായും ഡി.ഐ.ജി വ്യക്തമാക്കി.
ഡി.ഐ.ജിയുടെ അധ്യക്ഷതയിൽ പ്രത്യേക അന്വേഷണ സംഘവും ക്രമസമാധാന ചുമതലയുള്ള എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ചില കേസുകളിൽ പ്രതിപ്പട്ടികയിൽ ആളുകളുണ്ടെങ്കിലും ചിലതിൽ കണ്ടാലറിയാവുന്ന പ്രതികളാണുള്ളത്. ഈ കേസുകൾ വിശദമായി അന്വേഷിക്കും.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു. നിരോധനം ലംഘിച്ച് നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഉൾപ്പെടെ തടയാൻ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഓരോ കേസും പരിശോധിച്ച് അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.