രണ്ടായിരത്തോളം സ്കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകൾ സ്കൂൾ വിക്കിയിൽ
text_fieldsതിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ് ) നേതൃത്വത്തില്‍ സ്കൂളുകളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റല്‍ മാഗസിനുകള്‍ സ്കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ലിറ്റില്‍ കൈറ്റ്സ് പദ്ധതിയിലെ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ തയാറാക്കിയത്.
വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനവുമായി ബന്ധപ്പെട്ട് മാഗസിെൻറ പ്രകാശന ചടങ്ങുകൾ സ്കൂളുകളിൽ സംഘടിപ്പിച്ചിരുന്നു. സ്കൂള്‍ വിക്കി (www.schoolwiki.in) താളില്‍ നിന്നും ‘ഡിജിറ്റല്‍ മാഗസിന്’ എന്ന ലിങ്ക് വഴി ജില്ല തിരിച്ച് മുഴുവന്‍ ഡിജിറ്റല്‍ മാഗസിനുകളും കാണാം.
വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്ര വിവരശേഖരണം ലക്ഷ്യമാക്കി സംസ്ഥാനത്തെ പതിനയ്യായിരത്തോളം സ്കൂളുകളെ കോര്‍ത്തിണക്കി പ്രവർത്തിക്കുന്ന സ്കൂള്‍ വിക്കിയില്‍ 2017 മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മുഴുവന്‍ രചനാ മത്സരങ്ങളുടെ സൃഷ്ടികളും 2019 മുതൽ സ്കൂൾ ഡിജിറ്റൽ മാഗസിനുകളും ലഭ്യമാക്കുന്നുണ്ട്.
മലയാളം ടൈപ്പിങ്, വേഡ് പ്രൊസസിങ്, റാസ്റ്റര്‍-വെക്ടര്‍ ഇമേജ് എഡിറ്റിങ് തുടങ്ങിയവയും വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വിപുല തോതില്‍ ഡിജിറ്റല്‍ മാഗസിനുകള്‍ പൊതുഡൊമൈനില്‍ ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.