ഡിജിറ്റൽ റീസർവേ: ജനുവരി വരെ പുരോഗതി 1.35 ശതമാനമെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ ലാൻഡ് റീസർവേ താളം തെറ്റിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. വളരെ മോശം പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്നും പരിശോധനയിൽ കണ്ടെത്തി. കേരളത്തിന്റെ ഭൂസർവേ രംഗത്ത് അതിനൂതന വികസന ദൗത്യം എന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ വരുന്ന നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു.
ആധുനിക സർവേ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്നാണ് റവന്യൂവകുപ്പ് അറിയിച്ചത്. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നവർ സർവേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളാണ്. ഈ വകുപ്പുകളുടെ ശാക്തീകരണത്തിലൂടെ മുന്നോട്ട് പോകാനായിരുന്നു തീരുമാനം. ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കിയ കഡാസ്ട്രൽ സിസ്റ്റത്തിന് ശക്തമായ ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഐ.ടി അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഈ മൂന്ന് വകുപ്പുകളിലും പരിശീലനം നൽകാനും അനുമതി നൽകി.
സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ'യുടെ ആദ്യ ഘട്ടത്തിന് 2021 ആഗസ്റ്റ് 27 ലെ ഉത്തരവ് പ്രകാരം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ 339.43 കോടി ചെലവഴിക്കുന്നതിന് ഭരണാനുമതി നൽകി. ഡിജിറ്റൽ സർവേ 2022 നവംബർ ഒന്നിന് ആരംഭിച്ചു. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 1550 വില്ലേജുകളും നാല് വർഷത്തിനുള്ളിൽ 858.42 കോടി രൂപ ചെലവിൽ സർവേ പൂർത്തീയാക്കാനും തീരുമാനിച്ചു.
ആദ്യഘട്ടത്തിൽ 438.46 കോടിയുടെ പുതുക്കിയ തുകയിലാണ് പദ്ധതി തുടങ്ങിയത്. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പായിരുന്നു പദ്ധതിയുടെ നിർവഹണ ഏജൻസി. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിൽ അഞ്ചര മാസത്തിനുള്ളിൽ റീസർവേ നടത്താനായിരുന്നു പദ്ധതി തയാറാക്കിയത്. പദ്ധതിക്കായി 2021സെപ്തംബറിൽ 10.50 കോടി, 2022 മെയ് 13ന് 16.66 കോടി, 2022 സെപ്തംബർ 31ന് 2.21 കോടി എന്നിങ്ങനെ തുക അനുവദിച്ചു.
എന്നാൽ, ഒന്നാം ഘട്ടത്തിൽ റീസർവേ നടത്താൻ ഉദ്ദേശിക്കുന്ന 200 വില്ലേജുകളുടെ സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ചതിൽ 123 വില്ലേജുകളിൽ ഫീൽഡ് വർക്ക് ആരംഭിച്ചു. ആകെയുള്ള 3,59,502 ഹെക്ടറിൽ 4868.8662 ഹെക്ടറിലെ ഫീൽഡ് സർവേ പൂർത്തിയായി. 2022 നവംബർ ഒന്നിന് ഡിജിറ്റൽ സർവേ ആരംഭിച്ചുവെങ്കിലും ആദ്യ ഘട്ടം 2023 ജനുവരി വരെ ആകെ പുരോഗതി 1.35 ശതമാനം മാത്രം.
കേന്ദ്രാവിഷ്‌കൃത സ്വമിത്വ പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ, റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവേ നടത്താനായിരുന്നു തീരുമാനം. പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ ഒതുങ്ങിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.