ഡിജിറ്റൽ റീസർവേ: അതിർത്തി തർക്കങ്ങളും മറ്റും പരാതി നൽകാൻ സംവിധാനം ഒരുക്കണമെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ റീസർവേ ചെയ്യുന്ന സമയത്ത് അതിർത്തി തർക്കങ്ങളും മറ്റും ഭൂവുടമക്ക് പരാതി നൽകാൻ എൻെറ ഭൂമി പോർട്ടലിൽ സംവിധാനം ഒരുക്കണമെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള ഡിജിറ്റൽ സർവേ പദ്ധതി പൂർണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഫിസിക്കലായി വില്ലേജുകളിൽ നിലവിലുള്ള റവന്യൂ റിക്കാർഡുകൾ പരിശോധിക്കുകയോ അത് രേഖയാക്കി പരിഗണിക്കുന്നതിനോ കഴിയില്ല. അതിനാൽ ഡിജിറ്റൽ സർവേയുടെ ഭാഗമായി റെലിസ് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സർവേ റിക്കാർഡുകൾ തയാറാക്കുന്നതിനുള്ള ഉത്തരവ് നൽകണമെന്ന് സർവേ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു.
ഈ ശിപാർശയിന്മേൽ ലാൻഡ് റവന്യൂ കമീഷണറോട് റവന്യൂ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കമീഷണർ ഇത് സംബന്ധിച്ച് 2022 ഡിസംബിൽ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് സർവേ ഡയറക്ടർക്ക് പുതിയ നിർദേശങ്ങൾ നൽകി ഉത്തരവിറക്കിയത്.
ആധാരപ്രകാരം ഭൂവുടമയ്ക്ക് അവകാശം ലഭിച്ച സ്ഥലം കൃത്യമായി അതിർത്തി തിരിച്ച് സർവേ ചെയ്യുകയല്ല ഡിജിറ്റൽ സർവേ. മറിച്ച് നിലവിലെ കൈവശാവകാശ അതിർത്തിക്കനുസരണമായി അളന്ന് റിക്കാർഡ് തയാറാക്കി വിസ്തീർണം കണക്കാക്കുകയാണ് റീസർവേയിൽ ചെയ്യുന്നത്. റെലിസ് ഡാറ്റയെ അടിസ്ഥാനമാക്കി സർവേ റിക്കാർഡുകൾ തയാറാക്കുയാണ് ചെയ്യുന്നത്. റീസർവേക്ക് ശേഷം ഭൂരേഖ പരിപാലന ( എൽ.ആർ.എം) പരാതികൾ ധാരാളമായി വരുന്നുണ്ട്. സർവേക്ക് ശേഷമുള്ള പരാതികൾ കുറക്കണം. അതിന് ഡിജിറ്റൽ സർവേക്കായി തായാറാക്കിയ എന്റെ ഭൂമി പോർട്ടലിൽ പരിഹാര സംവിധാനം ഒരുക്കണമെന്നാണ് ഉത്തരവ്.
റിസർവേ ചെയ്യുന്ന സമയത്ത് തന്നെ ഭൂവുടമകൾക്ക് ഭൂമിയെ സംബന്ധിച്ചുള്ള പരാതികളും അതിർത്തി തർക്കങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട സർവേ സൂപ്രണ്ടിന് പരാതി നൽകാം. വില്ലേജിലെ റിസർവേ പൂർത്തിയായതിന് ശേഷം റീസർവേയുടെ പ്രാഥമിക വിജ്ഞാപനമായ സർവേ അതിരടയാള നിയമത്തിലെ വകുപ്പ് ഒമ്പത് (രണ്ട്) പ്രസിദ്ധീകരിക്കണം. ഒരു മാസം റീസർവേ റിക്കാർഡുകൾ ബന്ധപ്പെട്ട വില്ലേജിൽ വസ്തു ഉടമസ്ഥർക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിക്കണം. വസ്തു ഉടമസ്ഥർക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട റീസർവേ അസിസ്റ്റന്റ് ഡയറക്ടർക്ക് പരാതി നൽകാം.
ഭൂമിയിലുണ്ടായ ക്രയവിക്രയം, പോക്കുവരവ് എന്നിവ പ്രതിഫലിപ്പിക്കുന്ന നവീകരണം സർവേ റിക്കാർഡുകളിൽ വരുത്തിയിട്ടില്ലാത്തതിനാൽ നിലവിലെ ഭൂവുടമകളുടെ മുൻ സർവേ റിക്കാർഡുകളുമായി വ്യത്യാസമുണ്ടാകാം. അമിത ഉപയോഗവും കാലപ്പഴക്കവും മൂലം വില്ലേജ് റിക്കാർഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുള്ള കേസുകളിൽ ലഭ്യമായിട്ടുള്ള രേഖകളുടെയും, മുൻകാല നികുതി രസീതുകളുടെയും അല്ലെങ്കിൽ തണ്ടപ്പേർ രജിസ്റ്ററിനെ മാത്രം ആധാരമാക്കിയാണ് ചില വില്ലേജുകളിൽ റെലിസിൽ ഡിജിറ്റൽ റിക്കാർഡുകൾ തയാറാക്കിയിട്ടുള്ളത്.
അതിനാൽ റെലിസ് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ സൂചകമായി മാത്രം കണ്ട് മുൻ സർവേ റിക്കാർഡുകൾ, റെലിസിലെ വിവരങ്ങൾ, വില്ലേജിൽ ലഭ്യമായിട്ടുള്ള ഫിസിക്കൽ റിക്കാർഡുകൾ, ഇപ്പോഴത്തെ സർവേ തുടങ്ങിയ വിവരങ്ങൾ ഒത്തുനോക്കി സർവേ മാന്വൽ, കേരള സർവേയും അതിരടയാള നിയമവും ചട്ടവും എന്നിവയുടെ അടസ്ഥാനത്തിൽ മാത്രം സർവേ റിക്കാർഡുകൾ തയാറാക്കണമെന്നാണ് സർവേ ഡയറക്ടർക്കുള്ള നിർദേശം.
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതോടൊപ്പം സർക്കാർ ഭൂമിയുടെ സംരക്ഷകൻ എന്ന നിലയിൽ, ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രകാരം അവാർഡ് പാസാക്കിയിട്ടുള്ളതും പോസ്റ്റ് അവാർഡിന്റെ ഭാഗമായി റിക്കാർഡുകൾ ഭേദഗതി ചെയ്തിട്ടില്ലാത്ത കേസുകൾ, 1958-ലെ കേരള ഭൂമി വിട്ടുനൽകൽ നിയമ പ്രകാരം സർക്കാരിലേക്ക് ഭൂമി വിട്ടൊഴിഞ്ഞ കേസുകൾ, മിച്ചഭൂമിയായി സർക്കാരിലേക്ക് വന്നിട്ടുള്ള ഭൂമി, ആദിവാസി പുനരധിവാസ വികസന മിഷന്റെ ലാൻഡ് ബാങ്ക് സ്കീം പ്രകാരം കലക്ടറുടെ നേതൃത്വത്തിൽ പട്ടികവർഗക്കാർക്കായി വാങ്ങിയ ഭൂമി, പാട്ടം പ്രകാരം പാട്ടക്കാരന്റെ കൈവശത്തിലുള്ള ഭൂമി, പുറമ്പോക്കിൽ തന്നെ നിലനിർത്തിയിരിക്കുന്ന ഭൂമി, നിയമാനുസൃതം ഭക്ഷ്യോൽപാദന മേഖലയായും, കൃഷിയുക്ത വനഭൂമിയായും, ആദിവാസി സെറ്റിൽ മെന്റുകളായും, വിവിധ പദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നൽകിയിട്ടുള്ള വനഭൂമിയായും, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള 1977 ജനുവരി ഒന്നിന് മുമ്പുള്ള വനഭൂമിയിലെ കൈയേറ്റം ക്രമവൽക്കരിക്കുക തുടങ്ങിയവയായും വനം വകുപ്പിൽ നിന്നും റവന്യൂ വകുപ്പിലേക്ക് വിട്ടു കിട്ടിയിട്ടുള്ള വനഭൂമി, മറ്റേതെങ്കിലും പദ്ധതി പ്രകാരം സർക്കാരിലേക്ക് വന്ന് ചേർന്നിട്ടുള്ള ഭൂമികൾ എന്നിവയിൽ പഴയ സർവേ പ്രകാരം മാത്രമുള്ള പുറമ്പോക്ക് തിട്ടപ്പെടുത്തുന്നത് വഴി പുറമ്പോക്കിൽ കുറവ് ഉണ്ടാകുമെന്നതിനാൽ, ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, സ്പെഷ്യൽ തഹസിൽദാർ, തഹസിൽദാർ, റവന്യൂ ഡിവിഷണൽ ഓഫീസർ, ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം വേണമെന്നാണ് ഉത്തരവ്.
ഓൺലൈൻ പോക്ക് വരവ്, കരം അടവ് എന്നിവയ്ക്ക് മാത്രം റെലിസിൽ മുൻതൂക്കം നൽകുന്നതിനാൽ പട്ടയം, ക്രയ സർട്ടിഫിക്കറ്റ് തുടങ്ങിയവ വഴി പുറമ്പോക്കിലുണ്ടാകുന്ന കുറവ് പാട്ടക്കാരുടെ പേരിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത കേസുകൾ ഉള്ളതിനാൽ ഇത്തരം കേസുകൾ പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ രേഖകളുടെ പകർപ്പ് തൽസമയം സർവേ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം.
ഭൂമിയുടെ തരം മാറുന്ന കേസുകളിൽ അത് കൃത്യമായി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കും പോർട്ടലിൽ സൗകര്യം വേണം. അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സർവേ ഉദ്യോഗസ്ഥന്റെ അറിവിന് നടപടിക്രമത്തിന്റെ പകർപ്പ് ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യവും ആവശ്യമാണ്.
റവന്യൂ വകുപ്പിലെ എല്ലാ ഓഫീസ് മേധാവികൾക്കും എൻെറ ഭൂമി പോർട്ടലിൽ ലോഗിൻ അനുവദിക്കുകയും റെലിസിലെ സർവേ നമ്പർ നൽകുന്ന മുറക്ക് നിലവിലെ റീസർവെ വിവരങ്ങൾ ലഭ്യമാകുകയും ആക്ഷേപമുള്ള പക്ഷം ബന്ധപ്പെട്ട സർവേ ടീമിനെ അറിയിക്കുന്നതിനുള്ള സംവിധാനം വേണം. ആവശ്യമെങ്കിൽ സർവേ ടീമിന്റെ പരിശോധനക്കായി രേഖകളുടെ പകർപ്പ് അപ് ലോഡ് ചെയ്യുന്നതിനുമുളള സംവിധാനവും ഒരുക്കണം.
പൊതുജനങ്ങളുടെ പരാതികൾ ഉദ്യോഗസ്ഥന് തീർപ്പാക്കാൻ ബുദ്ധിമുട്ടാകുന്ന അവസരത്തിൽ ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥനെ അറിയിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം വേണമെന്നും ഉത്തരവിൽ പറയുന്നു. സർവേ പൂർത്തീകരിച്ചശേഷം മാത്രം സർവേ അതിരടയാള നിയമം പ്രകാരമുള്ള വകുപ്പ് 13 പ്രസിദ്ധീകരിച്ച് റിക്കാർഡുകൾ റവന്യൂ ഭരണത്തിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവ്. ഇതെല്ലാം തയാറാക്കാൻ സർവേ ഡയറക്ടറെ ചുമതപ്പെടുത്തിയാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.