1.6 ലക്ഷം ഹെക്ടറിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി -മന്ത്രി രാജൻ
text_fieldsതൃശൂർ: ഭൂസേവനങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസർവേയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 1.6 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. ഡിജിറ്റല്‍ റീസർവേ രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 11 മാസത്തിനുള്ളിലാണ് ഈ നേട്ടം സംസ്ഥാനം കൈവരിച്ചത്. സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സര്‍വേ പൂര്‍ത്തിയായത്. 1995 മുതല്‍ 2022 വരെ ആകെ 72,000 ഹെക്ടര്‍ ഭൂമിയില്‍ മാത്രം റീസര്‍വേ നടപടി പൂര്‍ത്തിയാക്കിയ സ്ഥാനത്താണ് 2022 നവംബര്‍ ഒന്നിന് ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഇത്രയേറെ ഭൂമി അളക്കാനായത്.
തൃശൂര്‍ ജില്ലയിലെ 23 വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സർവേ നടത്തിയാണ് രണ്ടാംഘട്ടം തുടങ്ങുന്നത്. ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാക്കുന്ന ഭൂമി സംബന്ധമായ വിവരങ്ങള്‍ ‘എന്‍റെ ഭൂമി’ പോര്‍ട്ടല്‍ വഴി ആര്‍ക്കും മൊബൈല്‍ വഴി പരിശോധിക്കാം. സര്‍വേ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ വിവരങ്ങള്‍ സമന്വയിപ്പിച്ച് ‘എന്‍റെ ഭൂമി’ ഇന്‍റഗ്രേറ്റഡ് പോര്‍ട്ടല്‍ നവംബറോടെ നിലവില്‍വരും. ആദ്യഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ ആലപ്പാട് ഉള്‍പ്പെടെ കേരളത്തിലെ 15 വില്ലേജുകളിലെ ഭൂവിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതോടെ പോക്കുവരവ് ഉള്‍പ്പെടെയുള്ള നടപടി കൂടുതല്‍ എളുപ്പവും സുതാര്യവുമാകും. ഇന്ത്യയില്‍തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍വരുന്നതെന്നും മന്ത്രി പറഞ്ഞു.
കൈയേറ്റ ഭൂമി ഉള്‍പ്പെടെ കണ്ടെത്തി അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ശ്രമങ്ങളാണ് റീസര്‍വേയിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. ഡിജിറ്റല്‍ റീസര്‍വേ നടപ്പാക്കാൻ ആന്ധ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ സഹായം തേടിയത് അഭിമാനകരമായ നേട്ടമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
‘എത്ര ഉന്നതനായാലും കൈയേറിയ ഭൂമി തിരിച്ചുപിടിക്കും, മണിയാശാനെ മാധ്യമങ്ങൾ പ്രകോപിപ്പിക്കുന്നു’
തൃശൂർ: കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിൽ സി.പി.എമ്മിന് എതിർപ്പില്ലെന്നും മുന്നണിയിൽ ഇതേച്ചൊല്ലി ഭിന്നതയില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ. സർക്കാർ ഭൂമി തിരിച്ചുപിടിക്കുകതന്നെ ചെയ്യുമെന്നും മന്ത്രി തൃശൂരിൽ പ്രതികരിച്ചു.
മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്. സാധാരണക്കാർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എത്ര ഉന്നതരായാലും കൈയേറ്റ ഭൂമി പിടിച്ചെടുക്കും. 211 ഏക്കർ എന്നത് ചെറിയ കൈയേറ്റമായി കരുതുന്നില്ല. സർക്കാറിൽ അവിശ്വാസം വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
എം.എം. മണി എം.എൽ.എയുമായി പ്രശ്നമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ പ്രകോപനങ്ങൾ ഉണ്ടാക്കി മണിയാശാനെക്കൊണ്ട് അതുമിതും പറയിപ്പിക്കാൻ ശ്രമിക്കുകയാണ്. ആശാൻ ശുദ്ധനായ മനുഷ്യനാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.