ഡിജിറ്റൽ സർവേ: മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് സർവേ വകുപ്പിന്റെ ഉത്തരവ്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി സംബന്ധിച്ച് കെ.കെ. രമ അവതരിപ്പിച്ച സബ് മിഷന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണന്ന് സർവേ വകുപ്പിന്റെ ഉത്തരവ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ലഭിച്ച പരാതികളിന്മേല്‍ പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടര്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കെ.കെ. രമ ഉന്നയിച്ച സബ് മിഷനിലെ ആവശ്യം.
കെ.കെ. രമ ചൂണ്ടിക്കാണിച്ചത് ആദിവാസി ഭൂമി അളന്ന് നൽകാതെ ഡിജിറ്റൽ സർവേ നടത്തിയാൽ ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടുമെന്ന ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടാണ്. ഡിജിറ്റല്‍ സർവേ തുടര്‍ന്നാല്‍ ആദിവാസികള്‍ അട്ടപ്പാടിയില്‍ നിന്ന് തുടച്ച് നീക്കപ്പെടും എന്ന കെ.കെ രമയുടെ ആശങ്കയോട് യോജിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നതായുള്ള പരാതികൾ വ്യാപകമായതിനാൽ പട്ടികവർഗക്കാര്‍ കൈവശം വെക്കുന്ന ഭൂമി കൃത്യമായി സർവേ ചെയ്ത് തിട്ടപ്പെടുത്തിയാൽ മാത്രമേ ഭൂമി അന്യാധീനപ്പെട്ടതിന്റെ യഥാർഥ വസ്‌തുത കണ്ടെത്തുവാൻ കഴിയുകയുളളു. അതിന് മദ്രാസ് സർവേ ആൻഡ് ബൗണ്ടറീസ് നിയമ പ്രകാരം തയാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്റര്‍ അടിസ്ഥാനമാക്കിയും, തുടര്‍ന്നുള്ള ആധാരങ്ങള്‍ പരിശോധിച്ചുമായിരിക്കും ഡിജിറ്റല്‍ സർവേ നടത്തുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
മന്ത്രിയുടെ ഈ മറുപടി പച്ചക്കള്ളം ആയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് 2023 ആഗസ്റ്റ് ഒന്നിലെ സർവേ വകുപ്പിന്റെ ഉത്തരവ്. ഡിജിറ്റൽ സർവേ സംബന്ധിച്ച് സർവേ ഡയറക്ടർ രണ്ട് ഉത്തരവ് ഇറക്കിയിരുന്നു. രണ്ടാമത്തെ ഉത്തരവ് ഇറക്കിയതോടെ ഒന്നാമത്തെ ഉത്തരവ് റദ്ദായി. റദ്ദാക്കിയ ഉത്തരവ് സംബന്ധിച്ച് വിശദീകരണമാണ് മന്ത്രി നിയമസഭിയൽ നൽകിയത്.
ഡിജിറ്റൽ സർവേയുടെ ഭാഗമായി റെലിസ് ഡേറ്റ അടിസ്ഥാനമാക്കി സർവേ റിപ്പോർട്ട് തയാറാക്കണമെന്നാണ് ആഗസ്റ്റിലെ ഉത്തരവ്. അതേസമയം, 2023 ജൂൺ 15ന് ഇറക്കിയ ഉത്തരവിൽ മുൻ സർവേ രേഖകൾ, റെലിസിലെ വിവരങ്ങൾ, വില്ലേജിൽ ലഭ്യമായിട്ടുള്ള ഫിസിക്കൽ വിവരങ്ങൾ, ഇപ്പോഴത്തെ സർവേ തുടങ്ങിയ വിവരങ്ങൾ ഒത്തു നോക്കി സർവേ മാന്വൽ, കേരള സർവേ ആൻഡ് ബൗണ്ടറിസ് നിയമനും ചട്ടവും എന്നിവയുടെ അടിസ്ഥാനത്തിൽ സർവേ രേഖകൾ തയാറാക്കണമെന്നാണ് സർവേ ഡയറക്ടർ നിർദേശം നൽകിയത്. ഈ ഉത്തരവ് 2023 ആഗസ്റ്റ് ഒന്നിന് റദ്ദ് ചെയ്തു. ഇക്കാര്യം മന്ത്രി കെ. രാജൻ അറിഞ്ഞില്ലേയെന്നാണ് ആദിവാസികൾ ചോദിക്കുന്നത്.
ഡിജിറ്റല്‍ സർവേയുടെ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട വില്ലേജുകളുടെ പട്ടികയില്‍ അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ, അഗളി, ഷോളയൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രിസഭയെ അറിയിച്ചു. ഡിജിറ്റല്‍ സർവേ നടത്തുമ്പോള്‍ ചെയ്യുന്ന ആധാര പരിശോധനയില്‍ ആധാരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ റവന്യൂ - സർവേ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിർദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സർവേ വകുപ്പിന്റെ ഉത്തരവിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല.
ഇതുവഴി വ്യാജ രേഖ ചമക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ കഴിയുമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്. പട്ടിക വർഗക്കാരുടെ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യടക്കുന്നതിന് കൂട്ട് നിൽക്കുന്നതിനായി കണ്ടെത്തിയാൽ അവർക്കെതിരെ പട്ടികജാതി -വർഗ അതിക്രമം തടയൽ നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം അതിക്രമം തടൽ നിയമം വെറും കടലാസാണ്. സർവേ വകുപ്പിന്റെ 2023 ആഗസ്റ്റ് ഒന്നിലെ ഉത്തരവ് അട്ടപ്പാടിയിലെ ആദിവാസികളുടെ ആശങ്ക ബലപ്പെടുത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.