ഡിജിറ്റൽ സർവേ: പിറന്ന മണ്ണിൽനിന്ന് തുടച്ചുനീക്കപ്പെടുമെന്ന ഭയത്തിൽ അട്ടപ്പാടിയിലെ ആദിവാസികൾ
text_fieldsകോഴിക്കോട്: റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ച ഡിജിറ്റൽ സർവേയിൽ പിറന്ന മണ്ണിൽനിന്ന് തുടച്ചുനീക്കുമോയെന്ന് അട്ടപ്പാടിയിലെ ആദിവാസികൾക്ക് ആശങ്ക. ഡിജിറ്റൽ സർവേ നടത്തണമെന്നും തണ്ടപ്പേർ നൽകണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയത് അട്ടപ്പാടിയിലെ സി.പി.ഐയുടെ നേതാവായ രവിയാണ്. അട്ടപ്പാടിലെ ആദിവാസികൾക്ക് സുപരിചിതനാണ് രവി. കാറ്റാടി കമ്പനിക്ക് വേണ്ടി ആദിവാസി ഭൂമി വിൽപ്പന നടത്തിയതിൽ പ്രധാനപങ്കുവഹിച്ചുവെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ പേരുള്ള ആളാണ് രവി.
രവി എഴുതിയ കത്ത് മന്ത്രി ലാൻഡ് റവന്യൂ കമീഷണർക്കും പാലക്കാട് കലക്ടർക്കും കൈമാറി. മിന്നൽവേഗത്തിൽ ഫയൽ നീങ്ങി. ഡിജിറ്റൽ സർവേ സംഘം അട്ടപ്പാടിയിൽ എത്തി. ഇപ്പോൾ മാഫിയ സംഘത്തിൻറെ ഉറ്റതോഴന്മാരായി സർവേ സംഘം സഞ്ചരിക്കുന്നുവെന്നാണ് ആദിവാസികളുടെ ആരോപണം. അട്ടപ്പാടിയിലെ പലയിടത്തും ഡിജിറ്റൽ സർവേ കഴിയുമ്പോൾ ആദിവാസികൾ ഭൂമിക്ക് പുറത്താകുമെന്നാണ് ആദിവാസി മഹാസഭ നേതാവ് ടി.ആർ. ചന്ദ്രൻ പറയുന്നത്. ഡിജിറ്റൽ സർവേ റിപ്പോർട്ടുകൾ ഭൂമി കൈയേറ്റക്കാർക്ക് അനുകൂലമാകുമെന്നാണ് ആദിവാസികളുടെ ആശങ്ക. വ്യാജരേഖകളെല്ലാം റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്താൽ ഒറിജിനൽ രേഖകളായി മാറ്റിയ അനുഭവം ആദിവാസികൾക്കുണ്ട്. ഇക്കാര്യത്തിൽ അട്ടപ്പാടിയിലെ തഹസിൽദാർ വിദഗ്ധനാണെന്നും ആദിവാസികൾ പറയുന്നു.
ആദിവാസി ഭൂമി സർവേ നടത്തി സ്വന്തം പേരിൽ രേഖ നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഒരു സർക്കാരും ആദിവാസി ഭൂമി സർവേ ചെയ്യാനോ ഭൂമിക്ക് രേഖ നൽകാനോ തയാറായിട്ടില്ല. കാരണം മറ്റൊന്നുമല്ല ഭൂമി കൈയേറ്റം നടത്തണമെങ്കിൽ ആദിവാസികളുടെ കൈവശം ഭൂരേഖ ഉണ്ടായിരിക്കരുത് എന്ന് സർക്കാർ സംവിധാനത്തിന് നിർബന്ധമുണ്ട്. 1975 മിനിമം നടപ്പാക്കാതെ പോയെങ്കിലും കൈയേറ്റത്തിന് കുറവൊന്നും സംഭവിച്ചില്ല. വ്യാജരേഖകൾ പഴയതിനെക്കാൾ പതിന്മടങ്ങ് വേഗത്തിലാണ് രൂപപ്പെടുന്നത്.
അട്ടപ്പാടിയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വം സി.പി.ഐ ആണ്. പതിറ്റാണ്ടുകളായി റവന്യൂ വകുപ്പ് സി.പി.ഐയുടെ കൈയിലാണ്. എല്ലാം ഭൂമാഫിയ സംഘങ്ങളും പ്രവർത്തിക്കുന്നത് സി.പി.ഐ എന്ന വൻമരത്തിന്റെ തണലിലാണ്. അട്ടപ്പാടിയിലെ തഹസിൽദാർ ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥരെല്ലാം ജോയിൻറ് കൗൺസിൽ അംഗങ്ങളാണ്. രാഷ്ട്രീയ -ഉദ്യോഗസ്ഥ കൂട്ടുകെട്ടായതിനാൽ ആദിവാസികളുടെ പരാതികളിൽ നടപടികളൊന്നും ഉണ്ടാകില്ല. അതേസമയം, സി.പി.ഐ നേതാക്കളുടെ കത്തുകളിൽ മന്ത്രി നടപടിയെടുക്കുന്നു.
ആധാരം നടക്കുന്നദിവസം തന്നെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഡിജിറ്റൽ സർവേ നടത്തുന്നത്. ഭൂരേഖ കൃത്യമാക്കാനും ഡിജിറ്റൽ ചിത്രം സഹായകരമാകുമെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂമിയുടെ ഉടമകൾക്ക് പരിശോധിക്കാനും തെറ്റുതിരുത്താനും അവസരം ലഭിക്കുമെന്നതിനാൽ പിന്നീട് പരാതികളുമുണ്ടാകില്ലെന്നും റവന്യൂ വകുപ്പ് പറയുന്നു. റവന്യുവകുപ്പിന്റെ എന്റെ ഭൂമി' പോർട്ടലിൽ വരുന്ന കരടുരേഖ തദ്ദേശസ്വയം ഭരണ വകുപ്പിൻറെ കൂടി പങ്കാളിത്തത്തോടെ മുഴുവൻ പേരിലും എത്തിക്കാൻ റവന്യു-തദ്ദേശ വകുപ്പുകൾ യോജിച്ചുനീങ്ങാൻ തീരുമാനിച്ചു.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവേ അതിരടയാളനിയമത്തിലെ വിജ്ഞാപനത്തിൽ പരാതിയുണ്ടെങ്കിൽ എന്റെ ഭൂമി പോർട്ടൽവഴി ഉന്നയിക്കാം. ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തൽ തുടങ്ങിയവക്ക് പഞ്ചായത്തുകൾ സർവേ ടീമിൻറെ ക്യാമ്പ് ഓഫീസ് തുറക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ, അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഇതൊന്നും രക്ഷക്കെത്തില്ലെന്നാണ് ടി.ആർ. ചന്ദ്രന്റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.