ഡിജിറ്റൽ സർവേ: 50,000 രൂപ കൈക്കൂലി വാങ്ങിയ താല്കാലിക സർവേയർ വിജിലൻസ് പിടിയിൽ
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ സർവേക്ക് 50,000 രൂപ കൈക്കൂലി വാങ്ങിയ താല്കാലിക സർവേയർ വിജിലൻസ് പിടിയിൽ. ഇടുക്കി ദേവികുളം താലൂക്കിലെ താല്കാലിക സർവേയറായ എസ് നിതിനാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടിയിലായത്.
ബൈസൺവാലി വില്ലേജിലെ പൊട്ടൻകാട് താവളം പരിധിയിൽപെട്ട 146 ഏക്കർ വരുന്ന ഏലതോട്ടത്തം ഡിജിറ്റൽ സർവേ പ്രകാരം അളന്ന് തിീട്ടപ്പെടുത്തുന്നതിനായി രണ്ടാഴ്ച മുമ്പ് താല്കാലിക സർവേയറായ എസ്. നിതിൻ ഏലത്തോട്ടത്തിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് അത്രയും തുക നൽകാൻ കഴിയില്ലായെന്ന് പറഞ്ഞതിനാൽ 75,000 രൂപ എങ്കിലും കൈക്കൂലി തന്നാലെ സ്ഥലം അളക്കുകയുള്ളൂവെന്ന് പറഞ്ഞു.
തുടർന്ന് എസ്റ്റേറ്റ് മാനേജർ ഇക്കഴിഞ്ഞ വ്യാഴാഴ്ച സർവേയറെ ഫോണിൽ വിളിച്ചപ്പോൾ കൈക്കൂലി നൽകിയാൽ മാത്രമേ വസ്തു അളന്ന് തിട്ടപ്പെടുത്താൻ പറ്റുകയുള്ളുവെന്ന് വ്യക്തമാക്കി. ആദ്യ ഗഢുവായി 50,000 രൂപ തിങ്കളാഴ്ച നൽകണമെന്നും പറഞ്ഞു. തുടർന്ന് എസ്റ്റേറ്റ് മാനേജർ ഈ വിവരം ഇടുക്കി വിജിലൻസ് യൂനിണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം താല്കാലിക സർവേയറെ നിരീക്ഷിക്കുകയും കെണിയൊരുക്കുകയും ചെയ്തു. അതിനിടയിൽ ഇന്ന് വൈകീട്ട് അഞ്ചിന് എറണാകുളം ജില്ലയിലെ നേര്യമംഗലം പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൌസിന് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും ആദ്യ ഗഢു കൈക്കൂലിയായ 50,000 രൂപ വാങ്ങവേ നിതിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്.
അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്ത് പല സ്ഥലത്തും ഡിജിറ്റൽ സർവേ നടപടികൾ നടന്ന് വരുകയാണ്. സർവേ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് കോൺട്രാക്ട് സർവേയർമാരെകൂടി നിയമിച്ചിട്ടുള്ളത്. ഇത്തരത്തിൽ മറ്റ് സ്ഥലങ്ങളിലെ സർവേ നടപടികളും വിജിലൻസ് നിരീക്ഷിച്ച് വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.