Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബ്ബർ കർഷകർക്ക്...

റബ്ബർ കർഷകർക്ക് സാങ്കേതിക സഹായവുമായി ഡിജിറ്റൽ സർവകലാശാല

text_fields
bookmark_border
റബ്ബർ കർഷകർക്ക് സാങ്കേതിക സഹായവുമായി ഡിജിറ്റൽ സർവകലാശാല
cancel

തിരുവനന്തപുരം: ഉരുൾപൊട്ടൽ പോലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാർഷിക പ്രതിസന്ധികൾ നേരിടുന്ന റബ്ബർ കർഷകർക്ക് സാങ്കേതികവിദ്യാ സഹായവുമായി ഡിജിറ്റൽ സർവകലാശാല. ഉരുൾപൊട്ടലിനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ റബ്ബർ തോട്ടങ്ങളെ വിവിധ മേഖലകളായി തരംതിരിച്ച ഭൂപടം റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഡിജിറ്റൽ സർവകലാശാല തയ്യാറാക്കിയത്.

കൃഷി സ്ഥലങ്ങളിൽ ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടോ എന്ന് തിരിച്ചറിഞ്ഞ് യോജിച്ച കൃഷിരീതികൾ സ്വീകരിക്കാൻ സഹായിക്കുന്ന തരത്തിലാണ് സോണെഷൻ അറ്റ്ലസ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം, രാജ്യത്തെ റബ്ബർ തോട്ടങ്ങളുടെ കണക്കെടുപ്പിനായി റുബക് (RUBAC) എന്നൊരു മൊബൈൽ ആപ്പും റബ്ബർ ബോർഡുമായി ചേർന്ന് ഡിജിറ്റൽ സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. റബർ കർഷകരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കാൻ ഈ കണക്കെടുപ്പിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

റബ്ബർ തോട്ടങ്ങളിലെ മണ്ണിൻറെ ജൈവ സമ്പുഷ്ടി മനസിലാക്കി ആവശ്യമുള്ള വളം നിർദ്ദേശിക്കുന്നതിന് റബ്സിസ് (RubSiS) എന്ന സങ്കേതം റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റബ്ബർ ബോർഡ്, കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മന്‍റ്​ ഇൻ കേരള (IIITMK) എന്നിവ ചേർന്ന് 2017-ൽ തയ്യാറാക്കിയിരുന്നു. റബ്​സിസിന്‍റെ വിജയത്തെ തുടർന്ന് ഈ സാങ്കേതിക വിദ്യ ഏലതോട്ടങ്ങളിലും ഉപയോഗിക്കാൻ ഡിജിറ്റൽ സർവകലാശാല, റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, എന്നിവ ചേർന്ന് ധാരണാപത്രം കൈമാറി. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ്, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ കെ.എൻ രാഘവൻ, സ്പൈസസ് ബോർഡ് ചെയർമാൻ എ.സത്യൻ ഐ എഫ് എസ്, ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്‍റ്​ പ്രൊഫസർ ടി.രാധാകൃഷ്ണൻ, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (റിസർച്ച്) ഡോ.ജെസ്സി എം.എസ് എന്നിവർ പങ്കെടുത്തു.

'മുമ്പ്​ ബാഹ്യമായ പിന്തുണ നൽകിയിരുന്ന വിവര സാങ്കേതിക വിദ്യ ഇപ്പോൾ എല്ലാ മേഖലകളുടെയും കാതലായ ഘടകമായി മാറിയിരിക്കുന്നു. റബ്ബർ കർഷകർക്ക് വിദഗ്​ധ നിർദേശങ്ങളുൾപ്പടെ സമഗ്രമായ വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരു പോർട്ടലാണ് അടുത്തതായി തയ്യാറാക്കാൻ പോകുന്നത്,' ഡോ സജി ഗോപിനാഥ് പറഞ്ഞു.

എക്സ്റ്റൻഷൻ ഓഫീസർമാരുടെ സേവനങ്ങൾക്ക് പകരം വെക്കാൻ സാധിക്കുന്ന തരത്തിലുള്ള നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകാൻ പ്രാപ്തമായ മൊബൈൽ-വെബ് സൗകര്യങ്ങളാണ് ഡിജിറ്റൽ സർവകലാശാലയുമായി ചേർന്ന് തയ്യാറാക്കാൻ പോകുന്നതെന്ന് ഡോ കെ.എൻ രാഘവൻ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ ഉരുൾപൊട്ടൽ സാധ്യത രേഖയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് മേഖലകൾ തരം തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ സർവകലാശാലയുടെ സെന്‍റർ ഫോർ ജിയോ സ്പേഷ്യൽ അനലിറ്റിക്സ് ഭൂപടം തയ്യാറാക്കിയത്. മേഖല അടിസ്ഥാനത്തിൽ തിരിച്ചിട്ടുള്ള ഭൂപടം (https://lsz.rubberboard.org.in) വഴി കർഷകർക്ക് നേരിട്ട് വിവരങ്ങൾ ലഭ്യമാകും.

നൂതന സാങ്കേതിക വിദ്യകളായ ജിയോ സ്പേഷ്യൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ കൊണ്ട് റബ്ബർ കൃഷിയ്ക്ക് സഹായകമാകുന്ന പുതിയ സങ്കേതങ്ങൾ തയ്യാറാക്കുകയാണ് സെന്റർ ഫോർ ജിയോ സ്പേഷ്യൽ അനലിറ്റിക്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberDigital University
News Summary - Digital University with technical assistance to rubber farmers
Next Story