റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കും
text_fieldsതൃശൂർ: തൃശൂരിൽ രണ്ട് ദിവസമായി നടന്ന കലക്ടേഴ്സ് കോൺഫറൻസ് സമാപിച്ചു. റവന്യൂ രംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനങ്ങൾ സ്വീകരിക്കാനും സംശയങ്ങൾ ദുരീകരിക്കാനും സംഘടിപ്പിച്ച കോൺഫറൻസിന് മന്ത്രി അഡ്വ. കെ. രാജൻ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മീഷ്ണർ കെ. ബിജു എന്നിവർ നേതൃത്വം നൽകി.
സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കലക്ടർമാർ യോഗത്തിൽ ഉന്നയിച്ചു. പട്ടയമേള തുടർന്നു കൊണ്ടുപോകാനുള്ള കണക്കുകൾ അടങ്ങിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.
ഡിജിറ്റൽ റീ സർവേ നടപടികൾ വേഗത്തിലാക്കാനും സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാക്കാനും റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ കലക്ടർമാർക്ക് നിർദേശം നൽകി. 2022ന്‍റെ തുടക്കത്തിൽ 200 വില്ലേജുകളിൽ ഒരേ സമയം റീ സർവേ നടത്താൻ പ്രത്യേക പദ്ധതി കലക്ടർമാരുടെ കോൺഫറൻസിൽ ചർച്ച ചെയ്തു. ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട ഒരുക്കവും ചർച്ചയായി.
സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കണമെന്ന് റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് കലക്ടർമാർക്ക് നിർദേശം നൽകി. അതിരപ്പിള്ളിയിൽ നടന്ന കോൺഫറൻസിൽ 14 കലക്ടർമാരും റവന്യൂ സെക്രട്ടേറിയേറ്റ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.