ദിലീപും കൂട്ടുപ്രതികളും അന്വേഷണ സംഘത്തിന് നൽകിയത് പുതിയ മൊബൈൽ ഫോണുകൾ; പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്
text_fieldsകൊച്ചി: അന്വേഷണസംഘത്തെ വകവരുത്താനുള്ള ഗൂഢാലോചന കേസിലെ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ച് നടൻ ദിലീപടക്കം പ്രതികൾ സമർപ്പിച്ചത് പുതിയ മൊബൈൽ ഫോണുകൾ. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് മുമ്പുള്ള ഫോൺകാൾ രേഖയടക്കം പരിശോധിക്കാനാണ് ഇവ പിടിച്ചെടുത്തത്. ദിലീപ്, സഹോദരൻ അനൂപ് എന്നിവരുടെ രണ്ട് ഫോൺ വീതവും സഹോദരീഭർത്താവ് സൂരജ്, അപ്പു എന്നിവരുടെ ഓരോ ഫോണുമാണ് ക്രൈംബ്രാഞ്ച് ആവശ‍്യപ്പെട്ടത്. പുതിയ ഫോണുകൾ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
പുതിയ ഫോണുകളാണ് ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. പഴയ ഫോണുകൾ ഹാജരാക്കാൻ പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെയാണ് നോട്ടീസ് കൈമാറിയത്. മൊബൈലിന്‍റെ ഐ.എം.ഇ.ഐ നമ്പറടക്കമുള്ള വിവരങ്ങൾ ചേർത്താണ് നോട്ടീസ്.
അതിനിടെ, പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചേക്കും. മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരിക്കും നടപടി. നിലവിലെ ചോദ്യം ചെയ്യൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ചതിന് ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുക.
അതേസമയം, ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു. ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.
ഇന്നലെ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്‍റെ മുൻകൂർ ജാമ്യഹരജി വിധി പറയുക. നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം സമയം നീട്ടിനല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.