ദിലീപിനെ കുടുക്കിയത് തലശ്ശേരിയിൽ നിന്നുള്ള വിവരങ്ങൾ
text_fieldsകണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വിലങ്ങുവീഴുേമ്പാൾ അറസ്റ്റിലേക്ക് നയിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത് തലശ്ശേരിയിൽ നിന്ന്. സിനിമ നിർമാതാവും തിയറ്റർ ഉടമയുമായ തലശ്ശേരി സ്വദേശി ലിബർട്ടി ബഷീർ നൽകിയ വിവരങ്ങളാണ് ദിലീപിനെതിരായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് വഴികാട്ടിയത്. നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനിയുടെ വലംകൈയായി പ്രവർത്തിച്ച തലശ്ശേരി പൊന്ന്യം സ്വദേശി വി.പി. വിഗേഷിൽ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചു.
തിയറ്റർ സമരവുമായി ബന്ധപ്പെട്ട് ലിബർട്ടി ബഷീറും ദിലീപും തമ്മിലുള്ള ഉടക്കാണ് നടിയെ ആക്രമിച്ച കേസിൽ പൊലീസിന് തുണയായത്. ലിബർട്ടി ബഷീറിെൻറ സംഘടന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ നെടുകെ പിളർത്തി തിയറ്റർ അടച്ചിടൽ സമരം പൊളിച്ചത് ദിലീപാണ്. ഇതോടെ സിനിമാ രംഗത്ത് ലിബർട്ടി ബഷീർ ഒറ്റപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് പ്രതിക്കൂട്ടിലായപ്പോൾ ബഷീറിന് തിരിച്ചടിക്കുള്ള അവസരമായി. ദിലീപിനെതിരായ വിവരങ്ങൾ തുറന്നുപറയാൻ സിനിമാക്കാരെല്ലാം മടിച്ചുനിന്നപ്പോൾ ബഷീർ എല്ലാം തുറന്നുപറഞ്ഞു.
നടൻ മമ്മൂട്ടി ഇടപെട്ട് തടഞ്ഞില്ല എങ്കിൽ നടിയെ ആക്രമിച്ച കേസിൽ യഥാർഥ പ്രതിയായ പ്രമുഖൻ തന്നെ കുടുങ്ങുമെന്ന് പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞ ബഷീർ അതിലേറെ വിവരങ്ങൾ അനൗദ്യോഗികമായി പൊലീസിന് കൈമാറി. പൾസർ സുനിക്കൊപ്പം പിടിയിലായ വി.പി. വിഗേഷ് കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി വി.പി. സജിലേഷ് എന്ന സജൂട്ടിയുടെ സഹോദരനാണ്. വർഷങ്ങളായി വീടുവിട്ട് കൊച്ചി കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനം നടത്തിവരുന്ന വിഗീഷിന് പൾസർ സുനിയുമായി അടുത്ത ബന്ധമാണുള്ളത്. പ്രത്യേക അന്വേഷണ സംഘം തലശ്ശേരിയിലെത്തി വിഗീഷിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
നടിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തലശ്ശേരിക്കാരനായ വിഗേഷിൽ നിന്നുള്ള വിവരങ്ങളും ബഷീർ വഴി തുടക്കത്തിൽ പൊലീസിന് ലഭിച്ചു. എന്നാൽ, പൊലീസിന് ഒൗദ്യോഗികമായി മൊഴിയൊന്നും നൽകിയിട്ടില്ലെന്ന് ലിബർട്ടി ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. നടിയെ ആക്രമിച്ചതിനുപിന്നിൽ ദിലീപാണെന്ന് തന്നെപ്പോലുള്ളവർക്കും പ്രമുഖ നടന്മാർക്കും നേരത്തേതന്നെ അറിയാം. മറ്റുള്ളവരെല്ലാം അത് മറച്ചുവെക്കുകയായിരുന്നുവെന്നും ബഷീർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.