ദിലീപിനെതിരായ കുറ്റപത്രം ഒരുമാസത്തിനകം സമർപ്പിച്ചേക്കും
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതായി സൂചന. കേസിൽ രണ്ടാം കുറ്റപത്രം തയാറാക്കാനുള്ള പ്രവർത്തനങ്ങൾ െപാലീസ് ആരംഭിച്ചു. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസത്തെ സമയമാണ് പൊലീസിനുള്ളത്. ഇത് ഒക്ടോബർ 11നാണ് അവസാനിക്കുക. നടൻ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയത് എന്നാണ് സൂചന. അനുബന്ധ കുറ്റപത്രത്തിൽ പൾസർ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയും ആയേക്കും. രണ്ടാം കുറ്റപത്രവും ഒന്നാം കുറ്റപത്രവും ഒന്നിച്ച് വിചാരണ നടത്താൻ കഴിയുന്ന രീതിയിലാണ് പൊലീസ് കാര്യങ്ങൾ നീക്കുന്നത്.
സഹായി അപ്പുണ്ണി ചോദ്യം ചെയ്യലിനെത്തിയ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ദിലീപ് ഹൈകോടതിയെ സമീപിക്കുന്നത്. ദിലീപിനു വേണ്ടി നേരത്തേ ഹാജരായ കെ. രാംകുമാറിനു പകരം മറ്റൊരു മുതിർന്ന അഭിഭാഷകനായ ബി. രാമൻപിള്ളയാണു ജാമ്യാപേക്ഷ സമർപ്പിക്കുക. രാമൻപിള്ള കേസ് പഠിച്ചതിനുശേഷം അടുത്ത നടപടിക്രമങ്ങളിലേക്കു നീങ്ങുമെന്നാണ് റിപ്പോർട്ട്.
മാധ്യമങ്ങളെ കാണുന്ന അവസരങ്ങളിൽ കേസിൽ സ്രാവുകൾ ഇനിയുംകുടുങ്ങാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികൾ മുഖവിലക്കെടുക്കുമെന്നാണ് സൂചന.
കേസന്വേഷണം ഉൗർജിതമായി മുന്നോട്ടു പോകുകയാണെന്നും ഇതുവരെയുള്ള തെളിവുകൾ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തവരെ വേണ്ടിവന്നാൽ ഇനിയും വിളിച്ചുവരുത്തുമെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം കുറ്റപത്രത്തിൽ നടൻ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണു സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.