ഫോൺ രേഖകൾ നശിപ്പിച്ചെന്ന ക്രൈംബ്രാഞ്ച് വാദം പുതിയ ആരോപണങ്ങൾ കെട്ടിച്ചമക്കാനെന്ന് ദിലീപ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പുതിയ ആരോപണങ്ങൾ കെട്ടിച്ചമക്കാനാണ് മൊബൈൽ ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിലൂടെ അന്വേഷണസംഘം ലക്ഷ്യമിടുന്നതെന്ന് നടൻ ദിലീപ് ഹൈകോടതിയിൽ.
മൊബൈൽ ഫോൺ രേഖകളടക്കമുള്ള നിർണായക തെളിവുകൾ പ്രതികൾ നശിപ്പിച്ചെന്ന ക്രൈംബ്രാഞ്ച് ആരോപണത്തിനുള്ള മറുപടിയിലാണ് ദിലീപിന്റെ വിശദീകരണം. ഗൂഢാലോചന കേസ് റദ്ദാക്കാൻ പ്രതിയായ ദിലീപ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ തുടരന്വേഷണത്തിന് കെട്ടിച്ചമച്ച കേസാണിതെന്ന വാദമാണ് ദിലീപിന്റേത്. ഹരജി വ്യാഴാഴ്ച കോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്.സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നയുടൻ ഇയാളുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങൾ വീണ്ടെടുക്കാനാണ് അഭിഭാഷകന്റെ നിർദേശപ്രകാരം ഫോണുകൾ മുംബൈയിലെ ലാബിൽ നൽകിയതെന്ന് ദിലീപ് പറയുന്നു. അവയിലെ ഡേറ്റ നശിപ്പിക്കുകയല്ല, വീണ്ടെടുക്കുകയാണ് ചെയ്തത്.
വിവരങ്ങൾ നശിപ്പിച്ചെന്ന് ഫോറൻസിക് പരിശോധനറിപ്പോർട്ടിലില്ല. ഹൈകോടതി നിർദേശപ്രകാരം ഫോണുകൾ തിരികെ വാങ്ങാൻ ജനുവരി 30ന് അഭിഭാഷകർ പോയതിനെ തെളിവുകൾ നശിപ്പിക്കാൻ പോയതാണെന്ന തരത്തിൽ വളച്ചൊടിച്ചു.
2017 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചുവർഷത്തിലേറെ ഒരേ മൊബൈൽ ഫോൺ ആരും ഉപയോഗിക്കാറില്ല. വാട്സ്ആപ് സന്ദേശങ്ങൾ എല്ലാവരും കൃത്യമായി ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. കേസുമായി ഒരുതരത്തിലും ബന്ധമില്ലാത്തവരുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ മാത്രമാണ് ഡിലീറ്റ് ചെയ്തത്.
തന്റെ മുൻ വാച്ച്മാൻ ദാസനെ ജനുവരി 10ന് അഡ്വ. രാമൻ പിള്ളയുടെ ഓഫിസിൽ കൊണ്ടുവന്നെന്നാണ് മൊഴി. എന്നാൽ, ഈ ദിവസങ്ങളിൽ രാമൻ പിള്ള കോവിഡ് ബാധിച്ച് ക്വാറന്റീനിലായിരുന്നതിനാൽ ഓഫിസിലേക്ക് പോയിരുന്നില്ല. ജനുവരി 15നും 17നും ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയാണ് തനിക്കും അഭിഭാഷകർക്കുമെതിരെ ദാസന്റെ മൊഴി രേഖപ്പെടുത്തിയത്.
ശബ്ദം റെക്കോഡ് ചെയ്യാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുക്കാത്തതിനാൽ ബാലചന്ദ്ര കുമാർ ഹാജരാക്കുന്ന ശബ്ദരേഖകളടങ്ങിയ പെൻഡ്രൈവിന് നിയമപരമായ സാധുതയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തത് നിയമപരമായല്ലെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.