ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈകോടതി; വ്യാഴം വരെ അറസ്റ്റ് പാടില്ല
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. ദിലീപ് അടക്കം മുഴുവൻ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. മൂന്നുദിവസം ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം.
വ്യാഴാഴ്ച ഇതിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ മുദ്രവെച്ച കവറിൽ കൈമാറണം. വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ആറുമണിക്കൂർ വരെ ഹാജരാകാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തിൽ ഇടപെടരുതെന്നും എങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം തെളിവുകൾ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഗൂഢാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി. ഗൂഢാലോചന നടത്തിയാൽ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.
ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കേസ് പ്രാധാന്യമുള്ളതാണെന്നും വിശദമായ വാദം കേൾക്കാൻ സമയം വേണമെന്നും വിലയിരുത്തിയ ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു. രാവിലെ ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ട് വാദം കേൾക്കുകയായിരുന്നു. ദിലീപിനെതിരെ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കിയിരുന്നു.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരും മുൻകൂർ ജാമ്യം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.