നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാനെന്ന് ദിലീപ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് പ്രതിയായ നടൻ ദിലീപ് ഹൈകോടതിയിൽ. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷനും കൈകോർക്കുകയാണ്. കാർഡിലെ ദൃശ്യങ്ങൾക്ക് മാറ്റമില്ലാതിരിക്കെ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയുന്നതെങ്ങനെയെന്നും ദിലീപിന്റെ അഭിഭാഷകൻ ആരാഞ്ഞു.
കാർഡിന്റെ ഹാഷ് വാല്യു മാറിയത് അനധികൃത പരിശോധനയെ തുടർന്നാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടി നൽകിയ ഹരജിയിലാണ് ദിലീപിന്‍റെ വാദം. ഏതു സാഹചര്യത്തിലാണ് മൂന്നുതവണ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതെന്നത് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ചൂണ്ടിക്കാട്ടി. കാർഡിലെ ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു. കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റെന്ന് വാദം കേൾക്കുന്ന ജസ്റ്റിസ് കെ. ബാബു ചോദിച്ചു. ഹാഷ് വാല്യുവിലുണ്ടായ മാറ്റത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതിൽ ആശങ്കപ്പെടുന്നതെന്തിനെന്ന് ദിലീപിനോടും ആരാഞ്ഞു. വിചാരണ നീളുന്നതിനാലാണ് ആശങ്കയെന്നും തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 425 അടക്കമുള്ളവപ്രകാരം കേസെടുക്കാനാകുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ഡി.ജി.പിയുടെ വാദം പൂർത്തിയാകാത്തതും നടിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ ഹാജരാകുന്നതും പരിഗണിച്ച് ഹരജി വീണ്ടും ജൂലൈ 31ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.