മുൻകൂർജാമ്യം തേടി ദിലീപ് ഹൈകോടതിയിൽ
text_fieldsകൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് ഹൈകോടതിയിൽ. ക്രൈംബ്രാഞ്ച് കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ദിലീപിന് പുറമെ സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ് എന്നിവരാണ് ഹരജി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെന്ന് ഹരജിയിൽ പറയുന്നു. ബൈജു പൗലോസിനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹരജികളെത്തുടർന്ന് എറണാകുളം അഡീ. സെഷൻസ് കോടതി നോട്ടീസ് ഉത്തരവിട്ടിരുന്നു. ഇതിന്റെ പകയുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 29ന് ബൈജു പൗലോസിന്റെ വിചാരണ നിശ്ചയിച്ചിരുന്നതിനിടെയാണ് കോടതിയിൽനിന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ഇറങ്ങിപ്പോയത്. തുടരന്വേഷണ അനുമതി തേടി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഓരോ അപേക്ഷയും നൽകി. കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിൽ തിരിച്ചടി ഭയന്നാണ് നടപടി. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ പേരിലാണ് ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്നും പൾസർ സുനിയുമായി അടുപ്പമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്തുമെന്ന് പറയുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നു.
തുടർന്നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കെട്ടിച്ചമച്ച കേസാണിതെന്നാണ് ഹരജിയിലെ വാദം. അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.