ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും മറ്റുപ്രതികൾക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള പ്രേരണ, വധശിക്ഷവരെ കിട്ടാവുന്ന ഒരു കുറ്റത്തെപറ്റി അറിഞ്ഞിട്ടും പുറത്തുപറയാതെ മറച്ചുവെക്കുക എന്നിങ്ങനെ വകുപ്പുകളാണ് ചേർത്തിരുന്നത്. എന്നാൽ, കേസിന്‍റെ പ്രഥമവിവര സ്റ്റേറ്റ്മെന്‍റ് ശരിയായി പരിശോധിച്ചതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥന്‍റെ മൊഴി രേഖപ്പെടുത്തിയതിലും കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതായി കാണുന്നു.
അതിനാൽ ഈ കുറ്റംകൂടി ഉൾപ്പെടുത്തി അന്വേഷണം നടത്തുകയാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അപ്പു, ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് നാലും അഞ്ചും ആറും പ്രതികൾ.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് മറ്റുപ്രതികളുമായി ചേർന്ന് ആലുവയിലെ വീട്ടിൽ, അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുൻ റൂറൽ എസ്.പിയും ഇപ്പോൾ ഐ.ജിയുമായ എ.വി. ജോർജ്, എസ്.പി സുദർശൻ, സോജൻ, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് കേസ്.
ദിലീപിന്‍റെ മുൻകൂർ ജാമ്യഹരജി ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കുറ്റം ചുമത്തി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് അന്വേഷണസംഘം സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലചന്ദ്ര കുമാർ പറയുന്നത് സത്യമെന്ന് പൾസർ സുനിയുടെ അമ്മ
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ പറയുന്നത് സത്യമെന്ന് പ്രതിയായ പൾസർ സുനിയുടെ അമ്മ ശോഭന. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്തുപറയാന്‍ തയാറാവുന്നില്ലെന്ന് ജയിലില്‍ കണ്ടപ്പോള്‍ സുനി പറഞ്ഞിരുന്നു. ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണ്. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തിലുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖാണോ എന്നറിയില്ലെന്നും ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
ഹൈകോടതിയിൽ ശനിയാഴ്ച പ്രത്യേക സിറ്റിങ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കും. വെള്ളിയാഴ്ച രാവിലെ ഹരജി പരിഗണിക്കവെ, വളരെ പ്രാധാന്യമുള്ള കേസാണിതെന്നും വിശദമായി വാദം കേൾക്കാൻ സമയം വേണമെന്നും വിലയിരുത്തിയ ജസ്റ്റിസ് പി. ഗോപിനാഥ് ഹരജികൾ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 10.15ന് ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ട് വാദം കേൾക്കും.
കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഇവരിൽ ശരത് ഏറ്റവും ഒടുവിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ശരത് ഒഴികെയുള്ള പ്രതികളുടെ ഹരജികളിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം സ്റ്റേറ്റ്മെന്‍റ് നൽകിയിരുന്നു. ശരത്തിന്റെ ഹരജിയിൽ കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മറ്റു പ്രതികളുടെ ഹരജികൾ പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് നേരത്തേ സർക്കാർ ഹൈകോടതിയിൽ ഉറപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.