ദിലീപും പ്രതികളും ഹാജരാക്കിയ ഫോണുകളിൽ ആശയക്കുഴപ്പം; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾ ഹൈകോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ഹാജരാക്കിയവയിൽ നടൻ ദിലീപ് ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഇല്ലെന്നതടക്കം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും വ്യക്തമാക്കി. ഹൈകോടതി നിർദേശപ്രകാരം ആറ് ഫോൺ ഹാജരാക്കിയെങ്കിലും ഇവയിൽ മൂന്നെണ്ണം തങ്ങൾ ആവശ്യപ്പെട്ടവയല്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ബോധിപ്പിച്ചു.
ദിലീപിന്റെ രണ്ട് ഐ ഫോൺ, ഒരു വിവോ ഫോൺ, കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്ത മറ്റൊരു ഫോൺ (ഇതിന്റെ ഐ.എം.ഇ.ഐ നമ്പർ നൽകിയിരുന്നു) എന്നിവയും മറ്റ് പ്രതികളായ അനൂപിന്റെ ഒരു ഹുവായ് - ഹോണർ ഫോൺ, ഒരു റെഡ് മി ഫോൺ എന്നിവയും സുരാജ് ഉപയോഗിച്ചിരുന്ന ഹുവായിയുടെ ഒരു ഫോണും കിട്ടാനാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചത്.
ഏതൊക്കെയാണ് നൽകിയതെന്ന വിവരം വ്യക്തമല്ലെങ്കിലും ദിലീപ് ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഫോൺ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
ആറ് ഫോൺ കൈമാറിയതിനെ തുടർന്ന് നൽകിയ വിശദീകരണത്തിൽ അന്വേഷണ സംഘം ആവശ്യപ്പെട്ട ഐ ഫോണുകളിലൊന്ന് തന്റെ കൈവശമില്ലെന്നും പകരം നേരത്തേ ഐ.എം.ഇ.ഐ നമ്പർ മാത്രം വ്യക്തമാക്കി ആവശ്യപ്പെട്ട മറ്റൊരു ഐ ഫോൺ നൽകിയിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.
ഫോൺ ഹാജരാക്കണമെന്ന നിർദേശം പാലിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള സംരക്ഷണത്തിന് ഇവർ അർഹരല്ലെന്ന് ഡി.ജി.പി വാദിച്ചു. ഫോണുകൾ പരിശോധനക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, പ്രതികൾക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും കോടതിയെപ്പോലും സമ്മർദത്തിലാക്കുന്ന തരത്തിലാണ് മാധ്യമങ്ങൾ കേസ് കൈകാര്യം ചെയ്യുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. തുടർന്നാണ് ഹരജി ചൊവ്വാഴ്ച ഉച്ചക്ക് 1.45ന് പരിഗണിക്കാൻ ജസ്റ്റിസ് പി. ഗോപിനാഥ് മാറ്റിയത്.
ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്ന, ദിലീപ് ഉൾപ്പെടെ പ്രതികളുടെ മുൻകൂർ ജാമ്യഹരജികളും ഇതോടൊപ്പം പരിഗണിക്കും. ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ കാര്യങ്ങൾ കോടതി തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.