ദിലീപിന്‍റെ മുൻകൂർ ജാമ്യഹരജി നാളെ പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ മുൻകൂർ ജാമ്യഹരജി നാളെ പരിഗണിക്കാൻ മാറ്റി. നാളെ ഉച്ച 1.45ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ നാളെ നടക്കും.
തനിക്കെതിരെയുള്ള കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ ഇക്കാര്യം പറഞ്ഞു. ജസ്റ്റിസ് പി.ഗോപിനാഥാണ് കേസ് പരിഗണിച്ചത്. ഇന്ന് രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമന്‍ പിള്ള നടത്തിയത്. വാദങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈകോടതി ആവശ്യപ്പെട്ടു. കേസ് ഇങ്ങനെ നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്നും അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിൽ സംസാരം ഉണ്ടെന്നും കോടതി പറഞ്ഞു.
ഗൂഡാലോചന നടന്നെന്ന് പറയുന്നത് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിവരം നല്‍കേണ്ടിയിരുന്നത് എസ്എച്ച്ഒയ്ക്കാണ്. പക്ഷേ ഈ കേസില്‍ ബി.സന്ധ്യക്ക് വിവരങ്ങള്‍ കൈമാറിയത് എന്തിനാണെന്ന് ദിലീപ് കോടതിയില്‍ ചോദിച്ചു.ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എ.ഡി.ജി.പി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.
കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാര്‍ ദിലീപിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. അതിനാലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിലിരിക്കെ ഇത്തരം ആരോപണവുമായി രംഗത്തെത്തത്തിയിരിക്കുന്നത്. ഈ മൊഴി ഒരിക്കലും വിശ്വാസത്തിലെടുക്കരുത് എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണുകൾ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പരിശോധന നടത്തുക. ഇന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിന് ആലുവ മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പാറ്റേണ്‍ ലോക്കുകളും പാസ്‌വേര്‍ഡും ദിലീപ് കോടതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.