മാധ്യമ വിചാരണ തടയണം: ദിലീപിന്‍റെ സഹോദരീഭർത്താവ് കോടതിയെ സമീപിച്ചു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടക്കുന്ന മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈകോടതിയെ സമീപിച്ചു. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് സുരാജിന്‍റെ ആവശ്യം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയോട് വിചാരണക്കോടതി തേടി. തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോർന്നെന്ന പ്രതിഭാഗം പരാതിയിലാണ് നടപടി. 18ന് റിപ്പോർട്ട് നൽകണമെന്ന് നിർദേശം.
ഇതിനിടെ കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രംബ്രാഞ്ച്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹർജി നൽകി.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈകോടതി ദിലീപിന് ജാമ്യം നൽകിയത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും സാക്ഷികളെ അഭിഭാഷകർ മുഖേനയും നേരിട്ടും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ, ഫോറന്‍സിക് പരിശോധനാ ഫലങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിച്ചത്. ഇതിനിടെ കാവ്യാ മാധവന്‍റെ നാളത്തെ ചോദ്യം ചെയ്യൽ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
കോടതി രേഖകൾ ചോർന്നെന്ന പ്രതിഭാഗം ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിട്ടുണ്ട്. സായ് ശങ്കറിൽ നിന്ന് വാങ്ങിയ ലാപ്ടോപ് അടക്കമുളള ഡിജിറ്റൽ ഉപകരണങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ദിലീപിന്‍റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.