അപ്പുണ്ണിയെ ചോദ്യംചെയ്ത് വിട്ടു; വീണ്ടും വിളിപ്പിക്കുമെന്ന് സൂചന
text_fieldsആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാൻഡിലുള്ള നടൻ ദിലീപിെൻറ മാനേജർ അപ്പുണ്ണിയെന്ന എ.എസ്. സുനില്‍രാജിനെ ആലുവ പൊലീസ് ക്ലബിൽ അന്വേഷണസംഘം ചോദ്യംചെയ്തു. മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം ഇയാളെ വിട്ടയച്ചു. ദിലീപിനെ അറസ്‌റ്റ് ചെയ്തതിനെ തുടർന്ന് ഒളിവിൽപോയ അപ്പുണ്ണി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതുപ്രകാരം ചോദ്യംചെയ്യലിന് ഹാജരായത്.
ഭീഷണിയും പീഡനവും ഉണ്ടാകുമെന്ന് ഇയാള്‍ ഹരജിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം മാത്രമേ ചോദ്യംചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. രാവിലെ 10.45ന് പൊലീസ് ക്ലബിലെത്തിയ അപ്പുണ്ണിയെ വൈകീട്ട് അഞ്ചോടെയാണ് വിട്ടത്. അപ്പുണ്ണിയുടെ സഹോദരന്‍ ഷൈജു, പരസ്യ സംവിധായകന്‍ ശ്രീകുമാർ മേനോന്‍ എന്നിവരുടെ മൊഴിയും പൊലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് ഷൈജുവിനോടും തിരക്കിയത്. രണ്ടു മണിക്കൂര്‍ ഷൈജുവില്‍നിന്ന് മൊഴിയെടുത്തു. ചോദ്യംചെയ്യലിനുശേഷം 12.45ഓടെയാണ് ഇയാളെ വിട്ടയച്ചത്.
നേരേത്ത ഷൈജുവായിരുന്നു ദിലീപിെൻറ ഡ്രൈവർ. സ്വന്തമായി ബിസിനസ് ആരംഭിച്ചതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. അനിയന്‍ അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് ഇയാളാണ്. ഡ്രൈവറായി കൂടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതും ഷൈജുവായിരുന്നു. പിന്നീട് ദിലീപിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ അപ്പുണ്ണി മാനേജർ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു. ദിലീപിനെ ബന്ധപ്പെടാന്‍ സിനിമരംഗത്തുള്ളവര്‍ വിളിക്കുന്നത് അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു. ഇതടക്കം ദിലീപുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം അപ്പുണ്ണിക്കറിയാം. അതിനാൽ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അപ്പുണ്ണിക്ക് കാര്യമായ വിവരമുണ്ടായിരുന്നതായാണ് സംശയിക്കുന്നത്.
നേരേത്ത ദിലീപിനെ 13 മണിക്കൂര്‍ ചോദ്യംചെയ്ത ദിവസം അപ്പുണ്ണിയെയും പൊലീസ് ചോദ്യംചെയ്തിരുന്നു.നല്‍കിയ മൊഴികള്‍ പരിശോധിച്ച് വീണ്ടും അപ്പുണ്ണിയെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. വിളിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അധികൃതര്‍ സൂചന നല്‍കി. തിങ്കളാഴ്ച പന്ത്രണ്ടരയോടെയാണ് പരസ്യസംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ ആലുവ പൊലീസ് ക്ലബില്‍ എത്തി മൊഴിനല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.