ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്യുന്നു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പുണ്ണി ആലുവ പൊലീസ് ക്ളബിൽ ഹാജരായത്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അപ്പുണ്ണിക്ക് നോട്ടീസ് നല്‍കിയിരുന്നു. ആലുവ റൂറൽ എസ്.പി എ.വി ജോർജിൻെറ നേതൃത്വത്തിൽ അപ്പുണ്ണിയെ ചോദ്യം ചെയ്യുകയാണ്.
രാവിലെ 10.40 ഒാടെ വളരെ നാടകീയമായിട്ടായിരുന്നു അപ്പുണ്ണി പൊലീസ് ക്ളബിലെത്തിയത്. പൊലീസ് ക്ളബിലേക്ക് എതിർദിശയിലുള്ള വഴിയിലൂടെ അപ്പുണ്ണിയോട് രൂപസാദൃശ്യമുള്ള ഒരാൾ നടന്നടുത്തതോടെ മാധ്യമപ്രവർത്തകർ അയാൾക്ക് ചുറ്റും കൂടി. താൻ അപ്പുണ്ണിയാണ് എന്ന ഭാവത്തോടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ യഥാർഥ അപ്പുണ്ണി കാറിൽ പൊലീസ് ക്ളബിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. അപ്പുണ്ണിയുടെ സഹോദരനായിരുന്നു ആദ്യം വന്നയാൾ.
കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതിന് അപ്പുണ്ണിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ അപ്പുണ്ണിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ പോയ അപ്പുണ്ണിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച അപ്പുണ്ണിയോട് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചോദ്യം ചെയ്യലിന് എത്രയും പെട്ടെന്ന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഫോണ്‍ വിളികളും പള്‍സര്‍ സുനി ജയിലില്‍ നിന്ന് കത്തെഴുതിയതുമായി ബന്ധപ്പെട്ടുമാണ് അപ്പുണ്ണിയില്‍ നിന്നും വിവരങ്ങള്‍ അറിയേണ്ടതുള്ളത്. പള്‍സര്‍ സുനി പല തവണ അപ്പുണ്ണിയുമായി ഫോണ്‍ വിളിച്ചതിന്‍റെ രേഖകള്‍ പുറത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.