ദിലീപിന് വേണ്ടി രംഗത്തിറങ്ങിയത് ബി.ജെ.പിക്ക് പ്രചാരണം നടത്തുന്ന പി.ആർ ഏജൻസി
text_fieldsതൃശൂർ: നടന് ദിലീപിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രചാരണചുമതല വഹിക്കുന്ന പി.ആര് ഏജന്‍സിയെന്ന് ആരോപണം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജന്‍സിയെ ഒരു കോടിയോളം രൂപ കൊടുത്താണ് ഏര്‍പ്പാടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിക്കാനാകുമോഎന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. സൈബര്‍ ഡോം വിഭാഗം ഇതിെൻറ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്ക് വേണ്ടി നവമാധ്യമങ്ങൾ ഉപയോഗിച്ച് പൊലീസിെൻറ മനോവീര്യം തകർക്കാൻ ശ്രമമുണ്ടാവുന്നത് ഇതാദ്യമായാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നല്ലാതെ, ദിലീപിനെ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നത് പി.സി. ജോർജായിരുന്നു. കഴിഞ്ഞ ദിവസം ദിലീപ് നിരപരാധിയാണെന്നും ഗൂഢാലോചന നടന്നിരിക്കുന്നത് ദിലീപിനെതിരെയാണെന്നും അതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജോർജ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിന് ശേഷം ജോർജിെൻറ മകൻ ഷോൺ ജോർജും രംഗത്തെത്തി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ, അതുവരെ ഈ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്നും ഷോൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
സിനിമാ മേഖലയിൽ നിന്നും ആദ്യം പരസ്യ പ്രതികരണം നടത്തിയത് നടൻ സിദ്ദീഖ് ആയിരുന്നു. രണ്ടു ദിവസം കൊണ്ടാണ് നവമാധ്യമങ്ങളിൽ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതിൽ ചില ദിലീപ് പോസ്റ്റുകൾക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകൾ സൃഷ്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പത്തിലധികം പുതിയ ഓൺലൈൻ പത്രങ്ങൾ ദിലീപ് അനുകൂല വാർത്തകളുമായി കഴിഞ്ഞ ദിവസം വരെ സൈബർ ലോകത്ത് സജീവമായിരുന്നു. ഇതിൽ വിദേശത്ത് രജിസ്റ്റർ ചെയ്ത ഡൊമൈൻ ഐ.ഡികളുമുണ്ട്. ചില മാധ്യമസ്ഥാപനങ്ങളിലേക്ക് ദിലീപിനെതിരെയുള്ള വാർത്തകളിൽ അസഹിഷ്ണുതയും പ്രതിഷേധവുമറിയിച്ചുള്ള ഫോൺ കോളുകളും ഇതിെൻറ ഭാഗമായിരുന്നുവെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.