നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു
text_fieldsവില്യാപ്പള്ളി: പ്രമുഖ നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ (50) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ചതോടെ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ദിനേശ് കുറ്റിയിലിന്‍റെ ചികിത്സക്ക് വേണ്ടി സൗഹൃദ കൂട്ടായ്മ വിപുലമായ ധനസമാഹരണം പുരോഗമിക്കുന്നതിനിടെയാണ് മരണം. അനിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
വില്യാപ്പള്ളി അമരാവതി സ്വദേശിയായ കുറ്റിയില്‍ ദിനേശന്‍ 1994 മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ്. 27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്തും, സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു.
സ്‌കൂള്‍ കലാമത്സരവേദികളിലൂടെ അരങ്ങിലെത്തി, ജില്ലാ സംസ്ഥാന യുവജനോത്സവ വേദികളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹനാവുകയും ചെയ്തു. കേരളോത്സവ വേദികളിലൂടെ മോണോ ആക്ട് ,മിമിക്രി , പ്രച്ഛന്ന വേഷം ,നാടകം എന്നിവയില്‍ ജില്ലയിലും സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം നേടുകയും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
ജയന്‍ തിരുമനയുടെയും മനോജ് നാരായണന്‍റെയും സംവിധാന മികവില്‍ നിരവധി അമേച്വര്‍ നാടകങ്ങളിലൂടെ മത്സര രംഗത്ത് മികച്ച നടനെന്ന കഴിവു തെളിയിച്ച് പ്രഫഷണല്‍ നാടക രംഗത്ത് എത്തി വടകര സിന്ദൂര, കോഴിക്കോട് കലാഭവന്‍, കണ്ണൂര്‍ ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളില്‍ നിരവധി പ്രശസ്ത നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. തുടര്‍ന്ന് 12 വര്‍ഷത്തെ ബഹ്റൈനിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.
പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തില്‍ 3 തവണയും ജി.സി.സി റേഡിയോ നാടക മത്സരങ്ങളില്‍ 4 തവണയും മികച്ച നടനായിരുന്നു. അഞ്ചോളം ഷോട്ട് ഫിലിമുകളിലും ടി.വി ചന്ദ്രന്‍റെ മോഹവലയം സിനിമയിലും അഭിനയിച്ചു. അമൃത ടിവിയിലെ ഒരു സീരിയലിലും 6 ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.