രാഹുൽ പ്രധാനമന്ത്രിയായാൽ ദിനേശ് ശർമ ചെരിപ്പിടും
text_fieldsകൽപറ്റ: പ്രിയങ്ക ഗാന്ധി തന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കംകുറിക്കാൻ കൽപറ്റയിൽ എത്തിയപ്പോൾ വരവേറ്റ പതിനായിരങ്ങൾക്ക് നടുവിൽ രണ്ട് വ്യത്യസ്ത മനുഷ്യരുണ്ടായിരുന്നു. ഹരിയാന സ്വദേശിയായ പണ്ഡിറ്റ് ദിനേശ് ശർമയും മധ്യപ്രദേശുകാരനായ രാകേഷ് കുശ്‍വാഹയും. രാഹുൽ ഗാന്ധിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് സഹോദരിയുടെ റോഡ് ഷോയിൽ പങ്കെടുക്കാൻ ഇരുവരും മൈലുകൾതാണ്ടി വയനാടൻ ചുരം കയറിയത്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്തയാളാണ് ഹരിയാനയിലെ ജിന്ദ് ജില്ലയിലെ കക്റോദ് ഗ്രാമത്തിലെ പണ്ഡിറ്റ് ദിനേശ് ശർമ. വിമാനത്തിലും ട്രെയിനിലും പിന്നെ ബസിലുമായാണ് ഇദ്ദേഹം പ്രിയങ്കയുടെ റോഡ് ഷോക്കായി കൽപറ്റയിൽ എത്തിയത്. രാഹുലിന്റെ പൊതുപരിപാടി എവിടെ നടന്നാലും അവിടെയൊക്കെ പ്രത്യേക വേഷത്തിൽ ഈ നിയമബിരുദധാരിയുണ്ടാകും.
ദേശീയപതാകയുടെ നിറത്തിലുള്ള നീളൻ വസ്ത്രത്തിൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളുണ്ട്. രാഹുലിന്റെ ചിത്രമുള്ള കൂറ്റൻ പതാക ആൾക്കൂട്ടത്തിനിടയിൽനിന്ന് വീശും. കാവി നിറത്തിലുള്ള തലപ്പാവ്. പക്ഷേ, കഴിഞ്ഞ 13 വർഷമായി പാദരക്ഷ ധരിക്കാറില്ല. രാഹുൽ ഒരുനാൾ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നും അന്നു മുതലായിരിക്കും താൻ ചെരിപ്പ് ധരിക്കാൻ തുടങ്ങുകയെന്നും ദിനേഷ് പറയുന്നു. കോൺഗ്രസിൽ പ്രത്യേക സ്ഥാനമൊന്നുമില്ല.
എന്നാൽ കോൺഗ്രസ് പ്രവർത്തകർക്കെല്ലാം ഇദ്ദേഹത്തെ അറിയാം, സ്നേഹത്തോടെ അവർ ദിനേശിനെ ‘പണ്ഡിറ്റ്ജി’ എന്ന് വിളിക്കും. 2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾതന്നെ ദിനേഷ് കൂടെയുണ്ടായിരുന്നു. രാഹുലിന്റെ പിതാവും മുത്തശ്ശിയുമടക്കം രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരാണെന്നും പ്രധാനമന്ത്രിയായി രാഹുൽ ഇന്ത്യയെ ഉയരത്തിൽ എത്തിക്കുമെന്നും ദിനേഷ് പറയുന്നു.
വേഷം കൊണ്ടും നോക്കുകൊണ്ടും രാഹുലിന്റെ അപരനായ മധ്യപ്രദേശിലെ ഭോപാൽ സ്വദേശിയായ രാകേഷ് കുശ്‍വാഹയും റോഡ്ഷോക്ക് എത്തി. രാഹുലിനുള്ളതുപോലെ നരച്ച നീണ്ട താടി. വെള്ള ടീ ഷർട്ടാണ് സ്ഥിരം വേഷം. കഴിഞ്ഞ ജനുവരി 14ന് മണിപ്പൂരിലെ ഇംഫാലിൽനിന്ന് രാഹുൽ നടത്തിയ ന്യായ് യാത്രയിലും അതിനു മുമ്പത്തെ ജോഡോ യാത്രയിലും രാകേഷ് പങ്കെടുത്തിരുന്നു. രാഹുലിന്റെ പരിപാടി രാജ്യത്ത് എവിടെ നടന്നാലും അവിടെ നേരത്തേതന്നെ എത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരിക്കെയാണ് രാഹുൽ ഗാന്ധിയെ പരിചയപ്പെടുന്നത്. ജോഡോ യാത്രയിൽ 3000 കിലോമീറ്റർ രാകേഷും നടന്നിട്ടുണ്ട്. അന്നാണ് രാഹുലുമായി സാമ്യമുള്ള കാര്യം തിരിച്ചറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.