കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത
text_fieldsതൊടുപുഴ: കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശൻ പ്രദർശിപ്പിച്ചത് വിവാദമായതിനുപിന്നാലെ ഇടുക്കി രൂപതയും സിനിമ പ്രദർശിപ്പിച്ചു. വിശ്വാസോത്സവത്തിന്റെ ഭാഗമായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 10,11,12 ക്ലാസിലെ വിദ്യാർഥികൾക്കായാണ് വിവാദ സിനിമ പ്രദർശിപ്പിച്ചത്. പരിശീലന ഭാഗമായി നൽകിയ ആക്ടിവിറ്റി ബുക്കിൽ ലവ് ജിഹാദിനെക്കുറിച്ചുള്ള പ്രത്യേക അധ്യായവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടന്ന ക്യാമ്പിൽ നാലാം തീയതിയാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾ പ്രണയത്തിലകപ്പെട്ട് വഴിതെറ്റി പോകുന്നതിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.
കുട്ടികൾക്കായി എല്ലാ വർഷവും അവധിക്കാലത്ത് ഇത്തരം പരിശീലനം നടത്താറുണ്ട്. അതിനായി പ്രത്യേക വിഷയങ്ങളും പാഠഭാഗങ്ങളും തയാറാക്കും. ഈ വർഷം 10,11,12 ക്ലാസിലെ കുട്ടികൾക്കായി തയാറാക്കിയ പാഠത്തിന്റെ പ്രമേയം പ്രണയമായിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾ പ്രണയത്തിൽ വീണുപോകുകയും അതുമൂലം പല അപകടങ്ങളിൽ പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അവരുടെ ബോധവത്കരണത്തിനായാണ് പരിശീലന പരിപാടി നടത്തിയത്.
‘കേരള സ്റ്റോറി’ കാണിച്ച് അതേക്കുറിച്ച് ചർച്ച ചെയ്യാനും റിവ്യൂ തയാറാക്കാനും കുട്ടികൾക്ക് അവസരമൊരുക്കിയെന്നും ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സ്പർധ വളർത്തുന്ന ഉള്ളടക്കമുള്ള സിനിമ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്ന സമയത്താണ് ഇടുക്കി രൂപത ഈ സിനിമ പ്രദർശിപ്പിച്ചത്. ക്യാമ്പിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയ ടെക്സ്റ്റിലെ രണ്ടാം അധ്യായത്തിലാണ് കോടതിപോലും തള്ളിക്കളഞ്ഞ ലവ് ജിഹാദിനെക്കുറിച്ച് പറയുന്നത്.
എന്താണ് ലവ് ജിഹാദ്? (ഇടുക്കി രൂപത തയാറാക്കി നൽകിയ ആക്ടിവിറ്റി ബുക്കിൽ പറയുന്നത്)
ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രത്യേക ശൃംഖലയാണ് ‘ലവ് ജിഹാദ്’. പണവും സ്നേഹവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ച് ഇതര മതസ്ഥരായ പെൺകുട്ടികളെ വശീകരിച്ച് ഇക്കൂട്ടർ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ഇവിടുത്തെ കുറ്റാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2010ൽ വി.എസ്. അച്യുതാനന്ദനാണ് ഈ വിഷയം ഡി.ജി.പി ജേക്കബ് പുന്നൂസ് വഴി മുഖ്യധാരയിൽ എത്തിച്ചത്. ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികൾക്ക് ലവ് ജിഹാദ് എന്ന സംഘടിത നീക്കം ഇല്ല എന്ന് കണ്ടെത്തി.
എന്നാൽ, ലവ് ജിഹാദ് ഇസ്ലാം മതവിശ്വാസികളെപ്പോലും ഭീതിയിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു തീവ്രവാദി സമൂഹമാണ്. 2008 മുതൽ 2011 വരെ കാലഘട്ടത്തിൽ വിവാഹത്തിന്റെ പേരിൽ 7795 മതപരിവർത്തനം നടന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചു. 2016ൽ വിജിലൻസ് നടത്തിയ അന്വേഷണമനുസരിച്ച് ഭീമമായ പണം നൽകി 5595 യുവതികളെ ഈ ഭീകരസംഘടനകൾ അവരുടെ സംഘടനയിലേക്ക് ജീവിതപങ്കാളികളായി കൊണ്ടുപോയി. ഇന്നും ഇതുപോലെ നമ്മുടെ പെൺകുട്ടികളെ വല വീശിപ്പിടിക്കാൻ ചില തീവ്രവാദി ഗ്രൂപ്പുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന സത്യം വിസ്മരിക്കാനാവില്ല.
എല്ലാത്തരം ആധുനിക സുഖസൗകര്യങ്ങളുമായി അവതരിക്കുന്ന യുവാക്കൾ ക്രൈസ്തവ സമുദായത്തിൽപെട്ട പെൺകുട്ടികളുമായി ചങ്ങാത്തത്തിൽ ആവുകയും അവൾക്ക് ആവശ്യമുള്ളതെല്ലാം (സ്കൂൾ, കോളജ് ഫീസ്, ഫോൺ, വസ്ത്രങ്ങൾ) നൽകുകയും ചെയ്യുന്നു. വെറുമൊരു ‘ലവർ’ മാത്രമായ എനിക്ക് ഈ വിധ സഹായങ്ങളെല്ലാം ചെയ്യുന്ന പയ്യനെ എങ്ങനെ വേണ്ടെന്നുവെക്കും? ആകർഷകമായ ശരീര പ്രകൃതിയും സൗമ്യമായ വാക്കുകളും സഹായമനസ്കതയും കൂടിയാകുമ്പോൾ നമ്മുടെ ചില പെൺകുട്ടികൾ കണ്ണുമടച്ച് വിശ്വസിച്ചുപോകും. മതം ഒരു പ്രശ്നമല്ല എന്നും നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറയുകയും കൂടിയാവുമ്പോൾ എല്ലാം ഒ.കെ എന്നു വിധിയെഴുതുകയായി.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.